Friday, September 18ESTD 1934

ഹമദ് വിമാനത്താവളത്തില്‍ ഉറക്കറകളും കാബിനുകളും അടങ്ങിയ സ്വകാര്യ ലോഞ്ച്‌

ദോഹ: ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തുന്നു. വിമാനം കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനും അല്‍പ്പസമയം ഉറങ്ങാനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഉറക്കറകളും കാബിനുകളും അടങ്ങിയ സ്ലീപ്പ് ആന്റ് ഫ്‌ളൈ എന്ന പേരില്‍ സ്വകാര്യ ലോഞ്ച് സജ്ജമാക്കുന്നു.
വിമാനത്താവളത്തിലെ ആദ്യ പാരമ്പര്യേതര ലോഞ്ചായിരിക്കുമിത്. പ്രീമിയം ലോഞ്ചുകളുടെ ആഗോള ദാതാക്കളായ എയര്‍പോര്‍ട്ട് ഡയമന്‍ഷന്‍സിനാണ് ഇതിന്റെ ചുമതല. അവരുടെ മിഡില്‍ഈസ്റ്റിലെ ആദ്യ പ്രീമിയം ലോഞ്ചായിരിക്കും ഹമദ് വിമാനത്താവളത്തിലേത്. യാത്രക്കാര്‍ക്ക് സുഖകരവും സ്വകാര്യവുമായ ഉറക്കം, സാമൂഹിക അകലം എന്നിവയെല്ലാം പ്രദാനം ചെയ്യുന്നതായിരിക്കും ഈ ലോഞ്ച്. സ്്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര വിമാനത്താവള പദവിയുള്ള ഹമദ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിമാനത്താവളമാണ്. ട്രാന്‍സിറ്റ് ഏരിയയുടെ ഹൃദയഭാഗത്ത്, കലാസൃഷ്ടിയായ ലാംപ് ബിയറിനു സമീപത്തായാണ് പുതിയ ലോഞ്ച്.
225 സ്‌ക്വയര്‍ മീറ്ററാണ് ദൈര്‍ഘ്യം. ഉറക്കറകളും കാബിനുകളും ഉള്‍പ്പെട്ട ലോഞ്ചില്‍ അന്‍പത് അതിഥികളെവരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടാകും. സന്ദര്‍ശകര്‍ക്ക് പണമടച്ച് സ്ലീപ് യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്താം. വിമാനത്തിനായി കാത്തിരിക്കുന്ന ഘട്ടത്തിലോ വിമാനം മാറിക്കയറേണ്ട സന്ദര്‍ഭങ്ങളിലോ വിശ്രമിക്കാനും സമയം ചെലവഴിക്കാനും ഈ സേവനം പ്രയോജനപ്പെടുത്താം. എയര്‍കണ്ടീഷന്‍ സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. സുഖകരമായ ഉറക്കത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ലോഞ്ചിലെ യൂണിറ്റുകളിലുണ്ട്. 24 ഫ്‌ളെക്‌സി സ്യൂട്ട് ഉറക്കറകളും പതിമൂന്ന് സ്ലീപ് കാബിനുകളുമാണ് ലോഞ്ചിലുള്ളത്. 180 ഡിഗ്രിയില്‍ ചാരിക്കിടക്കാവുന്ന വിധത്തിലാണ് ഉറക്കറകളിലെ സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇത്തരമൊരു സ്ലീപ്പിങ് പോഡ് ഡിസൈന്‍ ലോകത്തില്‍ തന്നെ ആദ്യമാണ്. മങ്ങിയ ആംബിയന്റ് ലൈറ്റിങ്, റീഡിങ് ലൈറ്റ്, എസി, യാത്രക്കാരുടെ മൊബൈലുമായോ ലാപ്‌ടോപ്പുമായോ കണക്റ്റ് ചെയ്യാന്‍ കഴിയുന്ന 32 ഇഞ്ച് സ്‌ക്രീന്‍, മടക്കാവുന്ന േ്രട ടേബിള്‍, കപ്പ് ഹോള്‍ഡറുകള്‍, ചെറിയ വേസ്റ്റ് ബിന്‍, ബാഗേജ് സൂക്ഷിക്കുന്നതിനുള്ള സ്ഥലം, കോട്ടുകള്‍, ഷൂസ്, ലാപ്‌ടോപ് എന്നിവ സൂക്ഷിക്കുന്നതിനുള്ള കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയും ഇതിലുണ്ടാകും. ഇരട്ട കിടക്കകളുള്ള നാലു കാബിനുകളും ഒന്‍പത് ബങ്ക് ബെഡ് കാബിനുകളും ലോഞ്ചിലുണ്ട്. ഇരട്ടകിടക്കകളുള്ള കാബിനുകളില്‍ രണ്ടു മുതിര്‍ന്നവരെയും ഒരു കുട്ടിയെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. കാബിനുകള്‍ ചെറുതാണെങ്കിലും സ്‌റ്റൈലിഷായിട്ടാണ് രൂപകല്‍പ്പന. റീഡിംഗ് ലൈറ്റുകള്‍, അലാറം ക്ലോക്ക്, കോട്ട് ഹാംഗര്‍, കണ്ണാടി, ട്രേ ടേബിള്‍ എന്നിവയുമുണ്ട്. ദീര്‍ഘയാത്രയില്‍ ഇടവേളകള്‍ സുഖകരമാക്കാന്‍ സുരക്ഷിതമായ ഇടമാണ് ലോഞ്ച് നല്‍കുന്നതെന്നും യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വിമാനത്താവളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നതായും എയര്‍പോര്‍ട്ട് ഡയമന്‍ഷന്‍സ് മാനേജിങ് ഡയറക്ടര്‍ എറോള്‍ മക്‌ഗ്ലോതന്‍ പറഞ്ഞു. വാക്ക് ഇന്‍, കോര്‍പ്പറേറ്റ് അതിഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. തലയിണകളും പുതപ്പുകളും ഉള്‍പ്പെടെയുള്ള കോംപ്ലിമെന്ററി ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ താമസസമയത്ത് യാത്രക്കാര്‍ക്ക് ലഭ്യമാക്കും.

error: Content is protected !!