
ദോഹ:ഖത്തറില്‍ മെഡിക്കല്‍ മാസ്‌ക്കുകളുടെ ഉത്പാദനം ഒരുമാസത്തിനുള്ളില്‍ തുടങ്ങും. നോവല്‍ കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മെഡിക്കല്‍ മാസ്‌ക്കുകള്‍ തദ്ദേശീയമായി നിര്‍മിക്കുന്നത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്പാദന ഉപകരണങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയെത്തിക്കഴിഞ്ഞാല്‍ ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ രണ്ടോ മൂന്നോ ഫാക്ടറികള്‍ മാസ്‌ക്കുകളുടെ നിര്‍മാണം തുടങ്ങും. ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വ്യവസായ കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ അല്‍മാലികിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അഞ്ചോളം പ്രാദേശിക ഫാക്ടറികള്‍ നിലവില്‍ അണുനാശിനികളും സാനിറ്റൈസറുകളും നിര്‍മിക്കുന്നുണ്ട്. ഈ ഫാക്ടറികളുടെ സംയോജിത ഉത്പാദനം രാജ്യത്തിന്റെ മുഴുവന്‍ ആവശ്യകതയും നിറവേറ്റാനുതകുന്നതാണ്. പ്രതിസന്ധികള്‍ നേരിടുന്നതില്‍ ഖത്തറിന് വിശാലമായ അനുഭവമുണ്ട്. കൊറോണ വൈറസ് സാഹചര്യം സാധാരണമാണ്. മന്ത്രാലയത്തിന് മുന്‍കൂട്ടിയുള്ള കാഴ്ചപ്പാടും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതിയുമുണ്ട്.
ഉപഭോക്തൃ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ മന്ത്രാലയം വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മാലികി പറഞ്ഞു. വരുന്ന കാലയളവില്‍ ഖത്തറില്‍ അവശ്യവസ്തുക്കളുടെ കുറവ് ഉണ്ടാകാതിരിക്കാന്‍ മന്ത്രാലയത്തിന് സംവിധാനമുണ്ടെന്നും ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളുടെ എണ്ണം വര്‍ധിപ്പിക്കും. 2030വരെ ഓരോ വര്‍ഷവും രണ്ടു വീതമെന്ന നിലയില്‍ പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികള്‍ തുടങ്ങും. ഇതിനായി മന്ത്രാലയത്തിന് വ്യക്തമായ പദ്ധതികളാണുള്ളത്. ഈ മേഖല സങ്കീര്‍ണമാണ്. ഉത്പാദനത്തെ മാത്രം ആശ്രയിക്കുന്ന ഒന്നല്ല. പകരം ചില മരുന്നുകളുടെ ബൗദ്ധിക സ്വത്തവകാശം ഉള്‍പ്പടെയുള്ള ഘടകങ്ങളും നോക്കേണ്ടതുണ്ട്.