
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍വ ടാക്സികളില്‍ സംരക്ഷിത പ്ലാസ്റ്റിക് കവചങ്ങള്‍ സ്ഥാപിച്ചു. ഡ്രൈവറിനെയും യാത്രക്കാരനെയും വേര്‍തിരിക്കുന്ന വിധത്തില്‍ ഒരു ബാരിക്കേഡ് പോലെയായിരിക്കും ഈ കവചം. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ ഒരുപോലെ ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. സുരക്ഷാ നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കര്‍വ സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്ന് ടാക്സി യാത്രക്കാരും അഭിപ്രായപ്പെടുന്നു. കര്‍വ ടാക്സികളുടെ മുന്നിലും പിന്നിലുമുള്ള സീറ്റുകള്ക്കിടയിലാണ് ഈ പ്ലാസ്റ്റിക് കവചങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്. യാത്രക്കിടെ കൊറോണ വൈറസ് പടരുന്നതില്‍ നിന്നും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും അധിക പരിരക്ഷ ഉറപ്പാക്കാനാകും. പ്ലാസ്റ്റിക് ഷീല്‍ഡ് സ്ഥാപിച്ചത് ഗുണകരമാണെന്നും എല്ലാവര്ക്കും മനസിന് സമാധാനം നല്‍കുന്നുണ്ടെന്നും യാത്രക്കാരെയും ഡ്രൈവറെയും കോവിഡ് പകരുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ സഹായകമാണെന്നും യാത്രക്കാര്‍ പ്രതികരിച്ചു. കര്‍വ ടാക്സിയിലെ ഡ്രൈവര്‍മാര്‍ മാസ്ക്കുകളും കയ്യുറകളും ഉപയോഗിക്കുന്നുണ്ട്. ക്യാബില്‍ കയറുമ്പോഴെല്ലാം യാത്രക്കാരുടെ കൈകള്‍ ശുചിത്വവല്ക്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് സംരക്ഷിത കവചം അധിക സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് ഡ്രൈവര്‍മാരും അഭിപ്രായപ്പെടുന്നു. കോവിഡ് പകരാതിരിക്കാനുള്ള ഏറ്റവും സുരക്ഷിതമാര്ഗമെന്നത് വീടുകളില്‍ തന്നെ തുടരുകയെന്നതാണ്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി ടാക്സി ഓപ്പറേറ്റര്‍മാര്‍ ശക്തമായ പ്രതിരോധനടപടികളാണ് സ്വീകരിക്കുന്നത്.
അണുബാധയുടെ സാധ്യത കുറയ്ക്കുന്നതില്‍ രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അധിക നടപടിയെന്ന നിലയില്‍, കാര്‍വ ടാക്സി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടാക്സി യാത്രക്കാരന് പണമടക്കാന്‍ കഴിയുന്ന പേയ്മെന്റ് സംവിധാനം കര്‍വ നേരത്തെ അവതരിപ്പിച്ചിരുന്നു.