in

പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം: സമ്മേളനത്തിന് ഇന്ന് തുടക്കം

ദോഹ: പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും ഖത്തര്‍ ചേംബറിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം. പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
പൊതു സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം നിയന്ത്രിക്കുന്നതിനായി ഖത്തര്‍ അംഗീകരിച്ച 2020ലെ 12-ാം നമ്പര്‍ നിയമത്തിന്റെ വെളിച്ചത്തില്‍ പൊതു സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ സാധ്യതകള്‍ സമ്മേളനം അവലോകനം ചെയ്യും. ജൂലൈ പതിനൊന്നു മുതല്‍ നിയമം പ്രാബല്യത്തിലാകും. ഈ സാഹചര്യത്തിലാണ് സമ്മേളനം ചേരുന്നത്. കോവിഡിന്റെ വെളിച്ചത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം. വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി, ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പ്രസിഡന്റ് സഅദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സിഇഒ യൂസുഫ് അല്‍ജെയ്ദ എന്നിവര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് അവസരമൊരുക്കിയിരുന്നു. പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള 15 ഓളം പ്രഭാഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാണിജ്യ വ്യവസായ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഖത്തര്‍ ചേംബര്‍, ഖത്തര്‍ ഫ്രീ സോണ്‍സ്, ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക്, ഖത്തര്‍ ഫിനാന്‍സ് സെന്റര്‍, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തര്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോയില്‍ നിന്നുള്ള പ്രഭാഷകര്‍, ബ്രസീല്‍, യുകെ എന്നിവിടങ്ങളില്‍നിന്നും അന്താരാഷ്ട്ര പ്രഭാഷകര്‍ തുടങ്ങിയവര്‍ സംസാരിക്കും. 5000ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യമേഖലക്ക് നിയമത്തില്‍നിന്ന് പ്രയോജനം നേടാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് സമ്മേളനം. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വ്യവസായ പ്രമുഖരെയും കമ്പനികളെയും ഒരുമിപ്പിക്കുന്നതാണ് സമ്മേളനം.
പൊതു സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഖത്തര്‍ ചേംബറിന്റെ ശ്രമങ്ങള്‍ക്ക് അനുസൃതമായിട്ടാണ് സമ്മേളനം നടത്തുന്നതെന്ന് ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ബിന്‍ ഹമദ് അല്‍ശര്‍ഖി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യമേഖലയും തമ്മില്‍ മികച്ച സഹകരണമാണുള്ളത്. സമ്മേളനം ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നേട്ടമടക്കം രണ്ട് മേഖലകള്‍ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്ന ശുപാര്‍ശകളും ഫലങ്ങളും കൊണ്ടുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ധനമന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍, ഖത്തര്‍ ഫിനാന്‍സ് സെന്റര്‍ എന്നിവയുള്‍പ്പടെയുള്ളവയുടെ സാന്നിധ്യം സമ്മേളനത്തിലുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായത്തിനും സ്വകാര്യമേഖലയെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍, പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തം ആഗോളതലത്തില്‍ വ്യവസായത്തിന്റെ പ്രധാന എന്‍ജിനായി മാറിയിട്ടുണ്ടെന്ന് സംഘാടകസമിതി ചെയര്‍ ശൈഖ് ഡോ. താനി ബിന്‍ അലിഅല്‍താനി പറഞ്ഞു. ഖത്തരി സ്വകാര്യ മേഖലയ്ക്ക് ഈ മേഖലയിലെ പങ്കാളിത്ത മാതൃകകളെയും അന്താരാഷ്ട്ര അനുഭവങ്ങളെയും പരിചയപ്പെടാനുള്ള മികച്ച അവസരമായിരിക്കും സമ്മേളനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കഹ്‌റാമ, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യകതയേറുന്നു

കോവിഡ് രോഗികള്‍ക്ക് ചികിത്സയും പരിചരണവും: മാതൃകയായി ഖത്തര്‍