ദോഹ: രാജ്യത്തെ സുപ്രധാന പൊതുഗതാഗത സേവനങ്ങളെ ഏകീകൃത സംവിധാനത്തിനു കീഴിലാക്കുന്ന സില എന്ന പുതിയ ബ്രാന്‍ഡിന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം തുടക്കംകുറിച്ചു. വ്യോമഗതാഗതം ഒഴികെ ദോഹ മെട്രോ, ബസ്, ടാക്‌സി, ട്രാം സര്‍വീസുകളെല്ലാം സില ബ്രാന്‍ഡിന്റെ കീഴിലാകും. പൊതുഗതാഗതം സുഗമമാക്കുകയും വിവിധ ഗതാഗതമാര്‍ഗങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വേഗത്തില്‍ എത്തിച്ചേരാന്‍ അവസരമൊരുക്കുകയുമാണ് സില ബ്രാന്‍ഡിലൂടെ ലക്ഷ്യമിടുന്നത്.
ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ വിവിധ ഗതാഗത മാര്‍ഗങ്ങള്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് ഇതിലൂടെ സാധിക്കും. കണക്ഷന്‍(ബന്ധം) എന്ന അര്‍ഥംവരുന്ന അറബിപദമാണ് സില. വിവിഘ ഘട്ടങ്ങളിലായാണ് സില നടപ്പാക്കുക. യാത്ര സുഗമമാക്കുന്നതിനായി സിലയുടെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ജേര്‍ണി പ്ലാനിങ് ഫങ്ഷന്‍ ഉടന്‍ തുടങ്ങും. ഇത് മുഖേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൗകര്യപ്രദമായ വിധത്തില്‍ യാത്രകള്‍ ആസൂത്രണം ചെയ്യാനാകും. യാത്രക്കാര്‍ക്ക് നിശ്ചിത ലക്ഷ്യത്തിലെത്താന്‍ ബസ്, മെട്രോ, മെട്രോലിങ്ക്, ടാക്സി, ഡ്രൈവിങ്, നടത്തം തുടങ്ങിയവ എല്ലാം സംയോജിപ്പിച്ചുള്ള ഏറ്റവും അനുയോജ്യമായ റൂട്ട് ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മികച്ച റൂട്ട് തെരയാന്‍ കഴിയും.
സ്‌റ്റേഷനുകള്‍, സ്്‌റ്റോപ്പുകളുള്ള സ്ഥലങ്ങള്‍, സ്റ്റേഷന്‍ ലേഔട്ട്, ടൈംടേബിള്‍, റൂട്ടുകള്‍ എന്നിവയടക്കം ഗതാഗത വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റും ആപ്പും ഉപയോഗിക്കാം. ഖത്തര്‍ റെയില്‍വേസ് കമ്പനി, മൂവസലാത്ത്(കര്‍വ), ഖത്തര്‍ ഫൗണ്ടേഷന്‍, മുഷൈരിബ് പ്രോപ്പര്‍ട്ടീസ് എന്നിവയുമായി സഹകരിച്ച് ഘട്ടംഘട്ടമായാണ് സില ബ്രാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുക. വരുംമാസങ്ങളില്‍ പദ്ധതിയുടെ കൂടുതല്‍ ഘട്ടങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രാലയത്തിലെ സാങ്കേതികകാര്യവകുപ്പ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍താനി പറഞ്ഞു. സമ്പര്‍ക്കരഹിത പേയ്മെന്റ് സംവിധാനം ഉള്‍പ്പടെ നടപ്പാക്കും. രാജ്യത്തെ ഗതാഗത സേവനങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഗതാഗത ശൃംഖലയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയെന്നതാണ് സില ബ്രാന്‍ഡിലൂടെ ലക്ഷ്യമിടുന്നത്.