
ദോഹ: മെയ് 30വരെ അടച്ചുപൂട്ടലില്‍ നിന്നും ഒഴിവാക്കിയ പ്രാധന വ്യവസായ മേഖലകളുടെ പട്ടിക വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. ഇവയൊഴികെയുള്ള എല്ലാ ഷോപ്പുകളും വാണിജ്യ പ്രവര്‍ത്തനങ്ങളും മെയ് 30വരെ നിര്‍ത്തിവെക്കാനാണ് മന്ത്രിസഭാ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. ഭക്ഷ്യവസ്തുക്കള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, പച്ചക്കറി, പഴം വില്‍പ്പന ശാലകള്‍(ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍), ഹോം ഡെലിവറി- ടേക്ക്് എവേ അനുവദിച്ചിരിക്കുന്ന റസ്റ്റോറന്റുകള്‍, മധുരപലഹാരഷോപ്പുകള്‍, ചോക്ലേറ്റ് ഷോപ്പുകള്‍, ബേക്കറികള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങള്‍ക്കനുസൃതമായി ഫാര്‍മസികള്‍ക്കും ക്ലിനിക്കുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. പെട്രോള്‍ സ്‌റ്റേഷനുകള്‍, കാര്‍ഡീലര്‍ കമ്പനികള്‍ നടത്തുന്ന ഗാരേജുകള്‍ എന്നിവക്കും തുറക്കാം. എല്ലാ വ്യാവസായിക മേഖലകളിലെയും വ്യവസായങ്ങള്‍, കരാര്‍ കമ്പനികള്‍, എഞ്ചിനീയറിംഗ് സൂപ്പര്‍വൈസറി(നിര്‍മ്മാണ സൈറ്റുകളിലും അതിന് കീഴിലുള്ള എന്‍ജിനീയറിങ്് ഓഫീസുകളിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്), അറ്റകുറ്റപ്പണികള്‍ക്കായുള്ള കമ്പനികള്‍ (പ്ലംബര്‍, ഇലക്ട്രിക് സേവനങ്ങള്‍) എന്നിവക്കും പ്രവര്‍ത്തിക്കാം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ധനകാര്യ സ്ഥാപനങ്ങളെയും തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന ഡെലിവറി സേവനങ്ങള്‍ക്കായുള്ള ള്ള കമ്പനികള്‍, ഹോട്ടല്‍ മേഖലയിലെ പൊതു കമ്പനികള്‍, ലോജിസ്റ്റിക് സേവനങ്ങള്‍ക്കുള്ള കമ്പനികള്‍, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള പൊതു കമ്പനികള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. മറ്റുള്ളവക്കൊന്നും പ്രവര്‍ത്തനാനുമതിയില്ല. ഈ തീരുമാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ാം നമ്പര്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷത്തില്‍ കൂടാത്ത തടവും രണ്ടുലക്ഷം റിയാലില്‍ കവിയാത്ത പിഴയും ഒന്നിച്ചോ ഇതിലേതെങ്കിലും ഒന്നിനോ വിധേയരാകേണ്ടിവരും.