
ദോഹ: കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ ചാരിറ്റി കാര്‍ഗോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പത്തുലക്ഷം കിലോ ഉത്പന്നങ്ങള്‍ സൗജന്യമായി എത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാരുണ്യപ്രസ്ഥാനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനായി പത്തു ലക്ഷം കിലോ ഉത്പന്നങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിനായി കാമ്പയിന്‍ തുടങ്ങി.
ജൂലൈ മുതല്‍ ഡിസംബര്‍ അവസാനം വരെ ചാരിറ്റികള്‍ക്ക് ഖത്തര്‍ എയര്‍വേസ് കാര്‍ഗോയുടെ സേവനങ്ങള്‍ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാനുഷിക, വൈദ്യ സഹായ സാമഗ്രികള്‍ സൗജന്യമായി കയറ്റി അയയ്ക്കാന്‍ കഴിയുമെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്രയധികം ഉത്പന്നങ്ങളുടെ സൗജന്യ ഗതാഗതം അഭൂതപൂര്‍വമായ സംഗതിയാണ്.
ഖത്തര്‍ എയര്‍വേയ്‌സ് ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പത്തുലക്ഷം കിലോ ചരക്ക് ഗതാഗതം സൗജന്യമായി ലഭ്യമാക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, മാനുഷിക സഹായം, അവശ്യ ഉത്പന്നങ്ങള്‍ എന്നിവ ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് സൗജന്യമായി എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. കോവിഡ് മഹാമാരി ദശലക്ഷക്കണക്കിനു പേരെയാണ് ദോഷകരമായി ബാധിച്ചത്. എയര്‍ലൈന്‍ എന്ന നിലയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളവരെ എങ്ങനെ സഹായിക്കാമെന്ന ചിന്തയില്‍ നിന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ ഈ കാമ്പയിന് തുടക്കമിട്ടത്. ലോകമെമ്പാടും ഉത്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ സേവനങ്ങള്‍ വര്‍ധിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിയുടെ സാഹചര്യത്തില്‍ ആഗോളവ്യാപാരത്തിന്റെ തുടര്‍ച്ചയും അവശ്യസാധനങ്ങളുടെ ഗതാഗതവും ഉറപ്പാക്കുന്നതിനായാണ് ചരക്ക് നീക്കം ശക്തിപ്പെടുത്തിയത്. കാര്‍ഗോ വിമാനങ്ങള്‍ക്കു പുമെ യാത്രാ വിമാനങ്ങളും ചരക്ക് ഗതാഗതത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള കോവിഡ് ബാധിത പ്രദേശങ്ങളിലേക്ക് ഒട്ടനവധി മെഡിക്കല്‍, സഹായ വിതരണങ്ങള്‍ എയര്‍ലൈന്‍ എത്തിച്ചിട്ടുണ്ട്. ക്രൂവിന്റെയും ഉത്പന്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങിനായി പ്രത്യേക നടപടിക്രമങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കിടയില്‍ മിനിമം സമ്പര്‍ക്കം ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹിക അകല മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. എല്ലാ ചരക്കു വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലും ഫെയ്‌സ് മാസ്‌കുകള്‍, കയ്യുറകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ജീവനക്കാരെയും ക്രൂവിനെയും പതിവായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്.