
ദോഹ: കോവിഡ് മഹാമാരിയെ 2022ഓടെ മറികടക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി. മനുഷ്യവംശമെന്ന നിലയില്‍ തങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലരാകുമെന്നും അദ്ദേഹം പറഞ്ഞു.
ലീഡേഴ്‌സ് വീക്ക് ഡയറക്ട് ഉച്ചകോടിയില്‍ പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണവും ഖത്തര്‍ ലോകകപ്പ് പുരോഗതിയും സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ വെളിച്ചത്തില്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു ഉച്ചകോടി.
കോവിഡ് മഹാമാരി പരാജയപ്പെട്ടുകഴിഞ്ഞാല്‍ ലോകത്തെ ഒന്നിപ്പിക്കാന്‍ ഖത്തര്‍ 2022 ലോകകപ്പിനു കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനു ശേഷമുള്ള ലോകത്തിന്റെ വ്യക്തമായ ചിത്രം വരയ്ക്കാന്‍ ആര്‍ക്കും പ്രയാസമാണ്. ആധുനിക ലോകത്ത് ഇതാദ്യമായാണ് എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിലച്ചത്. വ്യവസായ, തൊഴില്‍, ഉപജീവനമാര്‍ഗം എന്നിവയിലെല്ലാം കോവിഡ് വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുന്നതിനും ലോകകപ്പില്‍ പങ്കെടുക്കുന്നതിനുമുള്ള ആസ്വാദകരുടെ ശേഷി പരിഗണിക്കണ്ടത് പ്രധാനമാണ്.
സാഹചര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഒരുമിച്ച് ചേര്‍ക്കുന്നതിനും വിദഗ്ദ്ധരുമായും ടോക്കിയോ 20202 പോലെയുള്ള മറ്റു ടൂര്‍ണമെന്റ് സംഘാടകരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കോവിഡിനു ശേഷമുള്ള ഒരു ലോകത്തിനായി ഒരു ബ്ലൂപ്രിന്റും ഇല്ല. എന്നാല്‍ നമുക്ക് നോക്കാനും പ്രതീക്ഷിക്കാനും കഴിയും. കൂടാതെ വീണ്ടെടുക്കല്‍ എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാന്‍ ശ്രമിക്കണം. ആസ്വാദകര്‍ക്ക് താങ്ങാവുന്നതും വ്യവസായങ്ങള്‍ക്കും വിതരണ ശൃംഖലകള്‍ക്കും പ്രവര്‍ത്തനക്ഷമവുമായ ഒരു പരിപാടിക്കാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കേണ്ടിവരുന്നത്. കോവിഡ് 19 പരാജയപ്പെട്ടുകഴിഞ്ഞാല്‍ ഖത്തറിന്റെ ലോകകപ്പിന് ലോകത്തെ ഏകീകരിക്കാനുള്ള ശേഷിയുണ്ടാകും- അല്‍തവാദി പറഞ്ഞു.
കോവിഡിനോടുള്ള സുപ്രീംകമ്മിറ്റിയുടെ പ്രതികരണം അദ്ദേഹം വിശദീകരിച്ചു. കോവിഡ് മഹാമാരി ഖത്തറില്‍ റിപ്പോര്‍ട്ട് ചെയതപ്പോള്‍തന്നെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിച്ചതായി ലീഡേഴ്‌സ് സിഇഒയും സ്ഥാപകനുമായ ജെയിംസ് വെറോളിന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നല്‍കിയ അഭിമുഖത്തില്‍ അല്‍തവാദി പറഞ്ഞു.
അഭൂതപൂര്‍വമായ ഒരു സാഹചര്യമായിരുന്നു ഇത്.തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷക്കുമായിരുന്നു മുന്‍ഗണനയും ശ്രദ്ധയും നല്‍കിയത്. പൊതുജനാരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് അപകടസാധ്യതയുള്ള തൊഴിലാളികളെ ഐസൊലേഷനിലേക്ക് മാറ്റുകയും ബോധവല്‍ക്കരണ സാമഗ്രികള്‍ നല്‍കുകയും കോവിഡിനെ ചെറുക്കുന്നതിനുള്ള മികച്ച നടപടികളെക്കുറിച്ച് തൊഴിലാളികളെ പരിശീലിപ്പിക്കുകയും ചെയ്തു. തൊഴിലിടങ്ങള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പടെയുള്ള മറ്റു നടപടികളും സ്വീകരിച്ചു.
വ്യാപനം പരിമിതപ്പെടുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും എല്ലാതലങ്ങളിലും കൈകകൊണ്ടു. മഹാമാരി ബാധിക്കപ്പെട്ട എല്ലാവര്‍ക്കും വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. രോഗം കാരണം ഏകാന്തവാസത്തിലേക്ക് മാറ്റുകയോ ആസ്്പത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്താല്‍പോലും എല്ലാവര്‍ക്കും വേതനം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്.
സ്റ്റേഡിയങ്ങളുടെ നിര്‍മാണം ശരിയായ ട്രാക്കില്‍
ദോഹ: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും വര്‍ഷാവസാനത്തോടെ ലോകകപ്പിനായി സജ്ജമാകുന്ന സ്റ്റേഡിയങ്ങളുടെ എണ്ണം ആറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസന്‍ അല്‍തവാദി പറഞ്ഞു. ലോകകപ്പിനായി ആകെ എട്ടു സ്റ്റേഡിയങ്ങളാണ് ഖത്തര്‍ സജ്ജമാക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണം ശരിയായ ദിശയിലാണ്. സാധാരണയെക്കാള്‍ കുറഞ്ഞ വേഗതയിലാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഇതിനകം തന്നെ നിശ്ചയിച്ചതിനക്കാള്‍ മുന്നില്‍ നില്‍ക്കാനായത് ഭാഗ്യകരമാണ്. കിക്കോഫിന് രണ്ടര വര്‍ഷം മുന്‍പുതന്നെ വേദികളുടെ എണ്‍പത് ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. വര്‍ഷാവസാനത്തോടെ ആറു സ്‌റ്റേഡിയങ്ങള്‍ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകകപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആസ്വാദകര്‍ക്ക് ടൂര്‍ണമെന്റ് സാമ്പത്തികമായി ലഭ്യമാകുമെന്ന് ഉറപ്പാക്കുകയാണ് ഖത്തര്‍ 2022ന്റെ പ്രധാന വെല്ലുവിളികളിലൊന്ന്.
ഖത്തറിനെതിരായ ഉപരോധം രാജ്യത്തിന് ഒരുതരത്തില്‍ അനുഗ്രഹമാണ്. പല മേഖലകളിലും സ്വയംപര്യാപ്തമാകാന്‍ കഴിഞ്ഞു. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കാനായി. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇപ്പോള്‍ ലോകത്ത് 13-ാം സ്ഥാനത്താണ് ഖത്തര്‍. ഉപരോധത്തെ മികച്ച രീതിയില്‍ നേരിട്ടതിലൂടെ കോവിഡ് പ്രതിസന്ധിയും ശരിയായി കൈകാര്യം ചെയ്യാനാകുന്നു. കോവിഡ് പ്രതിസന്ധിയുണ്ടായ ഉടന്‍തന്നെ ഖത്തരി കമ്പനികള്‍ ആഴ്ചയില്‍ എട്ടു ദശലക്ഷം മാസ്‌ക്കുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. പ്രാദേശിക ആവശ്യങ്ങള്‍ക്കും ആഗോള കയറ്റുമതിക്കുമായി വെന്റിലേറ്ററുകളും നിര്‍മിക്കുന്നു. മേഖലയിലെ ജനങ്ങളുടെ പിന്തുണയും ഖത്തറിനുണ്ടെന്നും അല്‍തവാദി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഗള്‍ഫ് കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിച്ചപ്പോള്‍ ഉപരോധരാജ്യങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുത്തു. ചരിത്രത്തിലാദ്യമായി തങ്ങളുടെ രാജ്യം ഗള്‍ഫ് കപ്പ് നേടുന്നത് കാണാന്‍ 2000 ബഹ്‌റൈന്‍ ആസ്വാദകര്‍ ഇവിടെയെത്തി. ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെതിരായ യാത്രാനിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍തവാദി പറഞ്ഞു.