
ദോഹ: ഫീല്‍ഡ് ആസ്പത്രി ഉള്‍പ്പടെയുള്ള ആരോഗ്യ സഹായവുമായി ഖത്തര്‍ വ്യോമസേനാ വിമാനം ടുണീഷ്യയിലിറങ്ങി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് ടുണീഷ്യയിലേക്ക് ആരോഗ്യസഹായം കയറ്റിഅയച്ചത്. ഫീല്‍ഡ് ആസ്പത്രിയും മെഡിക്കല്‍ സാമഗ്രികളുമായി വ്യോമസേനാ വിമാനം ശനിയാഴ്ച ടെസൂര്‍-നെഫ്റ്റ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെ നേരിടുന്നതില്‍ ടുണീഷ്യയുടെ ശ്രമങ്ങളെ പിന്തുണക്കുകയാണ് സഹായം ലഭ്യമാക്കുന്നതിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. ഖത്തര്‍ പ്രതിരോധ മന്ത്രാലയമാണ് ഫീല്‍ഡ് ആസ്പത്രി നല്‍കിയത്. 100 കിടക്കകളും 20 വെന്റിലേറ്ററുകളും ആസ്പത്രിയുടെ ഭാഗമാണ്. അമീര്‍ കഴിഞ്ഞദിവസം ടൂണിഷ്യന്‍ പ്രസിഡന്റ് ഖൈസ് സെയ്ദുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
രാജ്യത്തേക്ക്് അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ചതിന് അമീറിന് ടുണീഷ്യന്‍ പ്രസിഡന്റ് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം, ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയും ചര്‍ച്ചയായി. നേരത്തെ സമാനമായ രീതിയില്‍ ഇറ്റലിയിലും ഖത്തര്‍ രണ്ട് ഫീല്‍ഡ് ആസ്പത്രികള്‍ സജ്ജമാക്കിയിരുന്നു. ഈ ആസ്പത്രികളില്‍ 500 വീതം കിടക്കകളും അത്യാധുനിക സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. കോവിഡിനെ നേരിടുന്നതില്‍ സഹായവുമായി വിവിധ രാജ്യങ്ങളിലേക്കാണ് ഖത്തറിന്റെ സഹായം ഒഴുകുന്നത്.