
ദോഹ: ലോകത്തൊട്ടാകെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. എയര്‍ലൈനിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലേജ് ക്ലബ്ബിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് ക്ലബ്ബ് എന്ന പേരിലാണ് പദ്ധതി. നിരവധി ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാക്കും. സ്റ്റുഡന്റ് ക്ലബ്ബിലെ അം, അധിക ബാഗേജ് അലവന്‍സ്, വിമാനയാത്ര തീയിതി മാറ്റാനുള്ള സൗകര്യം, വിമാനത്തില്‍ കോംപ്ലിമെന്ററി സൂപ്പര്‍വൈഫൈ ഉള്‍പ്പടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. സ്റ്റുഡന്റ് ക്ലബ്ബ് അംഗങ്ങള്‍ സ്വാഭാവികമായി ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലേജ് ക്ലബ്ബിന്റെയും ഭാഗമാകും. തല്‍ഫലമായി നിരവധി റിവാര്‍ഡുകളും ലഭിക്കും. കൂടാതെ ബിരുദ സമ്മാനമായി ടയര്‍ അപ്‌ഗ്രേഡും സുഹൃത്തിനെ സ്റ്റുഡന്റ് ക്ലബ്ബിലേക്ക് റഫര്‍ ചെയ്യുകയാണെങ്കില്‍ 5000 ക്യുമൈല്‍സ് നേടാനുള്ള അവസരവും ലഭിക്കും. 18നും 30 വയസിനുമിടയില്‍ പ്രായമുള്ള മുഴുവന്‍സമയ, പാര്‍ട്ട്‌ടൈം വിദ്യാര്‍ഥികള്‍ക്ക് പ്രോഗ്രാമില്‍ ചേരാന്‍ അര്‍ഹതയുണ്ട്. സ്റ്റുഡന്റ് ക്ലബ്ബില്‍ ചേരുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ക്കും സന്ദര്‍ശിക്കുക- qatarairways.com/StudentClub വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മനസില്‍വെച്ചാണ് സ്റ്റുഡന്റ് ക്ലബ്ബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. പ്രിവിലേജ് ക്ലബ്ബ് അംഗങ്ങളെന്ന നിലയില്‍ ഖത്തര്‍ എയര്‍വേയ്‌സിലോ വണ്‍വേള്‍ഡ് എയര്‍ലൈനുകളിലോ മറ്റേതെങ്കിലും പങ്കാളിത്ത എയര്‍ലൈനുകളിലോ യാത്ര ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ക്യുമൈല്‍സ് നേടാം.
ഖത്തര്‍ എയര്‍വേയ്സ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും പ്രിവിലേജ് ക്ലബ് റീട്ടെയില്‍, ലൈഫ്‌സ്റ്റൈല്‍ പങ്കാളിത്ത ഷോപ്പുകളില്‍ ഷോപ്പിങ് നടത്തുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് ക്യുമൈല്‍സ് നേടാന്‍ കഴിയും. സ്റ്റുഡന്റ് കാര്‍ഡ് അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും. ഇത് മൊബൈല്‍ വാലറ്റിലോ ഖത്തര്‍ എയര്‍വേയ്‌സ് മൊബൈല്‍ ആപ്പിലോ സൂക്ഷിക്കാനാകും.