in

ഖത്തര്‍ എയര്‍വേയ്‌സ് മൂന്ന് എയര്‍ബസ് എ350-1000 വിമാനങ്ങള്‍ കൂടി സ്വന്തമാക്കി

ദോഹ: ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ എയര്‍ബസ് എ 350-1000ന്റെ മൂന്നു വിമാനങ്ങള്‍ കൂടി ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി. ഈ എയര്‍ക്രാഫ്റ്റിന്റെ ലോകത്തെ ആദ്യ ഉപഭോക്താവ് ഖത്തറായിരുന്നു. എയര്‍ബസ് എ350 വിമാനങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്റര്‍ കൂടിയാണ് ഖത്തറിന്റെ ദേശീയ എയര്‍ലൈന്‍. നിലവില്‍ എ350ന്റെ 52 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സിനുള്ളത്. പരിസ്ഥിതി ബോധമുള്ള ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ വിമാനമാണിത്. ഈ പ്രതിസന്ധി കാലയളവിലുടനീളം സര്‍വീസ് നിര്‍ത്തിവെച്ചിട്ടില്ലാത്ത ചുരുക്കം ആഗോള വിമാക്കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സെന്ന് പുതിയ നേട്ടത്തെക്കുറിച്ച് പരാമര്‍ശിക്കവെ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഈ സമയത്തും പുതിയ വിമാനങ്ങള്‍ സ്വീകരിക്കുന്ന ഒരേയൊരു എയര്‍ലൈനാണ്. പുതിയ എയര്‍ക്രാഫ്റ്റുകള്‍ ഏറ്റവുമധികം വാങ്ങുന്ന എയര്‍ലൈനുകളിലൊന്നു കൂടിയാണ് ഖത്തര്‍ എയര്‍വേയ്‌സ്്. പുതിയതായി ലഭിച്ച മൂന്നു എ350-1000 എയര്‍ക്രാഫ്റ്റകളിലും ബിസിനസ് ക്ലാസില്‍ ക്യു സ്യൂട്ട് ഘടിപ്പിച്ചിട്ടുണ്ട്. ആഫ്രിക്ക, അമേരിക്ക, എഷ്യ പസഫിക്, യൂറോപ്പ് എന്നിവിടങ്ങളിലെ തന്ത്രപ്രധാന ദീര്‍ഘദൂര റൂട്ടുകളിലേക്കുള്ള സര്‍വീസിനായിരിക്കും ഇവ ഉപയോഗിക്കുക വിമാനയാത്രയെ തന്നെ മാറ്റിമറിക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ക്യു സ്യൂട്ട്. ബിസിനസ് ക്ലാസില്‍ ആദ്യമായി ‘ഡബിള്‍ ബെഡ്’ സൗകര്യം ലഭ്യമാകുന്നുവെന്നതാണ് ക്യുസ്യൂട്ടിന്റെ പ്രധാന പ്രത്യേകത. ബിസിനസ് ക്ലാസ് കാബിനില്‍ ഉന്നത നിലവാരത്തിലും വൈവിധ്യമാര്‍ന്നതുമായ ഫസ്റ്റ് ക്ലാസ് അനുഭവം ലഭ്യമാകുന്ന തരത്തിലാണ് ക്യു സ്യൂട്ടിന്റെ രൂപകല്‍പ്പന. എ350 പരമ്പരയില്‍ ഏറ്റവും വലുപ്പമേറിയതാണ് എ350 1000 വിമാനങ്ങള്‍. ആഡംബര യാത്രക്കാരെയാണ് വിമാനം പ്രധാനമായും ലക്ഷ്യമിടുന്നത്. വിമാനത്തില്‍ ലഭ്യമാകുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ബിസിനസ്, പ്രിമീയം എക്കോണമി, എക്കോണമി എന്നിങ്ങനെ മൂന്നു ക്ലാസുകളിലായാണ് യാത്രക്കാരെ തിരിക്കുക. വിശാലമായ സീറ്റുകള്‍, അത്യാധുനിക ക്യാബിന്‍ സൗകര്യം, വലിയ ബാഗുകള്‍ പോലും കൂടുതലായി ഉള്‍ക്കൊള്ളാനാകുന്ന ക്യാബിനുകള്‍ എന്നിവയാണ് പ്രധാനപ്രത്യേകതകള്‍. കാര്‍ബണ്‍ ഫൈബര്‍, ടൈറ്റാനിയം, അലുമിനിയം അലോയ് എന്നിവയുപയോഗിച്ചാണ് വിമാനം നിര്‍മിക്കുന്നത്. ഇന്ധനക്ഷമത മറ്റുവിമാനങ്ങളേക്കാള്‍ വളരെ കൂടുതലാണെന്നതും കാര്‍ബണ്‍ പുറന്തള്ളല്‍ കുറവാണെന്നതുമാണ് പ്രധാന പ്രത്യേകതകളായി എയര്‍ബസ് വിശദീകരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇസ്ലാമിക വിരുദ്ധ നീക്കം; ഫ്രാന്‍സിനെതിരെ ഖത്തറില്‍ നടപടികള്‍ തുടങ്ങി

തടവറയില്‍ 1400 ദിനങ്ങള്‍; മഹ്മൂദ് ഹുസൈനെ ഉടന്‍
മോചിപ്പിക്കണമെന്ന് അല്‍ജസീറ