in

ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ യൂനിസെഫിനായി മെഡിക്കല്‍ സഹായം എത്തിച്ചു

ദോഹ: ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ യൂനിസെഫിനായി ചൈനയില്‍ നിന്ന് ഇറാനിലേക്ക് 36 ടണ്‍ മെഡിക്കല്‍ സഹായം എത്തിച്ചു. മെഡിക്കല്‍ സാമഗ്രികളും വ്യക്തിഗത സംരക്ഷണ വസ്തുക്കളായ ഫെയ്‌സ് മാസ്‌ക്കുകളും എന്‍95 മാസ്‌ക്കുകളും ഗൗണുകളും കവറുകളും അടക്കം 36 ടണ്‍ കാര്‍ഗോയാണ് ഷാങ്ഹായില്‍ നിന്നും ടെഹ്‌റാനിലെത്തിച്ചത്.
കഴിഞ്ഞയാഴ്ച ഷെഡ്യൂള്‍ ചെയ്ത നിരവധി വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു കാര്‍ഗോ ഗതാഗതം. ഇറാനിലെ യൂനിസെഫ് ഇവ ആരോഗ്യ, ചികിത്സാ, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. ടെഹ്‌റാനിലടക്കം വിവിധ ആസ്പത്രികളില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവ വിതരണം ചെയ്യും. ആകെ 63 മെട്രിക് ടണ്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളാണ്(പിപിഇ) യൂനിസെഫ് ലഭ്യമാക്കുന്നത്. ഇതിന്റെ ഒരുഭാഗം ഇതിനോടകം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ യൂനിസെഫിനെയും ഇറാനെയും പിന്തുണക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ ചീഫ് ഓഫീസര്‍ ഗില്യൂം ഹാല്യൂക്‌സ് പറഞ്ഞു.
ഇറാന് എല്ലാ പിന്തുണയും നല്‍കുമെന്നും ലോകമെമ്പാടുനിന്നും ഇറാനിലേക്ക് സംഭാവന നല്‍കിയ മെഡിക്കല്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് വിമാനസര്‍വീസുകള്‍ നടത്തുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യൂനിസെഫ് കയറ്റുമതിക്ക് പുറമേ 60 ടണ്‍ കാര്‍ഗോയും ഇറാനിലെത്തിച്ചിട്ടുണ്ട്. റുവാണ്ട, ലബനാന്‍, ടുണീഷ്യ, അള്‍ജീരിയ, നേപ്പാള്‍, അല്‍ബേനിയ, അംഗോള, കോംഗോ(ഡിആര്‍സി) എന്നിവിടങ്ങളിലേക്ക് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് സംഭാവന ചെയ്ത 80 ടണ്ണിലധികം മെഡിക്കല്‍ സാമഗ്രികളും ഖത്തര്‍ എയര്‍വേയ്‌സ് എത്തിച്ചിരുന്നു.
ഷാങ്ഹായ്, ഗ്വാങ്ഷു, പാരീസ്, ആംസ്റ്റര്‍ഡാം, മസ്‌കറ്റ്, കുവൈറ്റ്, ദില്ലി, ബീജിംഗ്, മെല്‍ബണ്‍ തുടങ്ങി നിരവധി നഗരങ്ങളിലേക്ക് എയര്‍ലൈന്‍ കാര്‍ഗോ ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രവാസികളുടെ മടക്കം: രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ എംബസി

ലോകത്തെ അന്‍പത് ടെലികോം ബ്രാന്‍ഡുകളില്‍ ഊരിദൂവും