
ദോഹ: 2022 ഫിഫ ലോകകപ്പ് കിക്കോഫിന് ഇനി കൃത്യം രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ എയര്‍വേയ്സ് അതിവിശിഷ്ടമായ ആദ്യ ലോകകപ്പ് വിമാനം പുറത്തിറക്കി. ലോകകപ്പിന്റെ ലോഗോ സഹിതം പെയിന്റ് ചെയ്ത പ്രത്യേക ബ്രാന്‍ഡഡ് ബോയിങ് 777 എയര്‍ക്രാഫ്റ്റാണ് അനാവരണം ചെയ്തിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയും ഔദ്യോഗിക എയര്‍ലൈനുമാണ് ഖത്തര്‍ എയര്‍വേയ്സ്.

ആ പങ്കാളിത്തത്തിന്റ സ്മരണക്കായി വ്യതിരിക്തമായ രീതിയില്‍ കൈകൊണ്ടാണ് വിമാനത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ സമാനമായ രീതിയില്‍ പുറത്തിറക്കുകയും വിവിധ ലക്ഷ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. ബോയിങ് 777-300 ഇആര്‍ ലോകകപ്പ് ബ്രാന്‍ഡഡ് എയര്‍ക്രാഫ്റ്റ് ദോഹക്കും സൂറിച്ചിനുമിടയില് ഇന്ന് സര്‍വീസ് നടത്തും. കിക്കോഫിന് കൃത്യം രണ്ടുവര്ഷമാത്രം അവശേഷിക്കെ ഈ സൂപ്രധാനദിവസം ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്റിലെ സൂറിച്ചിലേക്ക് പ്രഥമ ലോകകപ്പ് വിമാനം സര്‍വീസ് നടത്തുന്നത് ഫിഫയുമായുള്ള എയര്‍ലൈനിന്റെ പങ്കാളിത്തത്തിലെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. ഫിഫയുമായുള്ള പങ്കാളിത്തം ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ് ഖത്തര്‍ എയര്‍വേയ്സെന്ന് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സ് അടുത്തിടെ നൂറു ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് വിപുലീകരിച്ചു. അടുത്തവര്‍ഷം മാര്‍ച്ചിനകം 125ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് ദീര്‍ഘിപ്പിക്കും. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക വിമാനത്താവള പങ്കാളിയായ ഹമദിലും ഒരുക്കങ്ങള്‍ മികച്ചരീതിയില്‍ പുരോഗമിക്കുന്നു. പ്രതീക്ഷിത ഗതാഗതവളര്ച്ച കൈകാര്യം ചെയ്യാനാകുന്ന വിധത്തിലാണ് തയാറെടുപ്പുകള്‍. വിമാനത്താവള വിപുലീകരണപദ്ധതി പ്രകാരം 2022 ആകുമ്പോഴേക്കും പ്രതിവര്‍ഷം 58 ദശലക്ഷത്തിലധികം യാത്രക്കാരെ വിമാനത്താവളത്തിന് ഉള്‍ക്കൊള്ളാനാകും. ഫിഫ ടൂര്‍ണമെന്റുകളെ തുടര്‍ന്നും പിന്തുണക്കാനാകുന്നതില് അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് സലാം അല്‍ ഷാവ പറഞ്ഞു. ഫിഫ ലോകകപ്പില്‍ ഖത്തര്‍ സന്ദര്‍ശനത്തിനായി സവിശേഷമായ യാത്രാപാക്കേജുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സുമായി സഹകരിച്ചായിരിക്കും പ്രഖ്യാപനം.