in

ഉപരോധം: മുഴുവന്‍ നഷ്ടപരിഹാരവും നേടുന്നതിന് ശ്രമിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്‌

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിനുണ്ടായ സാമ്പത്തിക പരിക്കുകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഉപരോധ രാജ്യങ്ങള്‍ക്കെതിരെ കേസ് തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്. കേസ് തുടരാന്‍ ഖത്തറിനെ അനുവദിക്കുന്നതാണ് കഴിഞ്ഞ ദിവസം വന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവെന്നും ഉപരോധ രാജ്യങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഫലമായി സംഭവിച്ച നഷ്ടങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്നും ഖത്തര്‍ എയര്‍വെയ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സഊദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ സ്വീകരിച്ചത് അന്യായവും അധിക്ഷേപകരവുമായ നടപടികളാണ്. ആ രാജ്യങ്ങളിലെ നിക്ഷേപത്തിനും വളര്‍ച്ചയ്ക്കുമായി പതിറ്റാണ്ടുകളായി തങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികളാണ് ഉപരോധത്തിലൂടെ നശിപ്പിക്കപ്പെട്ടത്. ലക്ഷക്കണക്കിന് യാത്രക്കാരെ സേവിക്കുന്നതില്‍ നിന്നും പതിനായിരക്കണക്കിന് സര്‍വീസുകള്‍ നടത്തുന്നതില്‍ നിന്നും അവര്‍ ഏകപക്ഷീയമായി ഞങ്ങളെ തടഞ്ഞുവെന്നും ഖത്തര്‍ എയര്‍വെയ്‌സ് പറഞ്ഞു.
യാത്ര എല്ലാവര്‍ക്കുമുള്ള അവകാശമാണ്. ഖത്തര്‍ എയര്‍വെയ്‌സിന്റെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിന് പൂര്‍ണ്ണമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് ലഭ്യമായ എല്ലാ നിയമ പരിഹാരങ്ങളും ഖത്തര്‍ എയര്‍വെയ്‌സ് സ്വീകരിക്കും. വ്യോമാതിര്‍ത്തി തര്‍ക്കത്തില്‍ ഖത്തറിന് അനുകൂലമായ അന്താരാഷ്ട്ര കോടതിയുടെ വിധിയെ ഖത്തര്‍ എയര്‍വേസ് സ്വാഗതം ചെയ്യുന്നു.
മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച തര്‍ക്കത്തില്‍ ഖത്തറിന് വലിയ വിജയം സമ്മാനിച്ചാണ് ബഹ്‌റൈന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നിവരുടെ അപ്പീലുകള്‍ യുഎന്‍ കോടതി ചൊവ്വാഴ്ച നിരസിച്ചത്.
2017 ലാണ് ഈ നാല് രാജ്യങ്ങളും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ അവരുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിഷേധിച്ചു.
1944 ലെ ചിക്കാഗോ കണ്‍വെന്‍ഷന്റെയും അന്താരാഷ്ട്ര എയര്‍ സര്‍വീസസ് ട്രാന്‍സിറ്റ് കരാറിന്റെയും ഭാഗമായി ഇത്തരം തര്‍ക്കങ്ങള്‍ കേള്‍ക്കാന്‍ ഐസിഎഒ കൗണ്‍സിലിന് അധികാരമുണ്ടെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ലോകകപ്പ്: കാണികള്‍ക്ക് കൂടുതല്‍ മാച്ചുകള്‍ കാണാന്‍ അവസരം

സംപ്രേഷണം സ്ഥിരമായി പിന്‍വലിച്ച സഊദിയുടെ നടപടി ബുദ്ധിശൂന്യം: ബിഇന്‍