Tuesday, July 7ESTD 1934

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നു

ദോഹ: ഓഗസ്റ്റില്‍ ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് 26 പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
നിലവില്‍ 45ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് 270ലധികം വിമാനസര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രതിവാരം നടത്തുന്നത്. ഓഗസ്റ്റ് മുതല്‍ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്, ബെര്‍ലിന്‍, വിയന്ന, സൂറിച്ച്, ജനീവ എന്നിവിടങ്ങളിലേക്കു കൂടി സര്‍വീസുകള്‍ തുടങ്ങും. ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ലോകരാജ്യങ്ങള്‍ യാത്രക്കും പ്രവേശനത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനസര്‍വീസില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ 18 ലക്ഷത്തിലധികം യാത്രക്കാരെ സ്വദേശങ്ങളിലേക്ക്് മടങ്ങാന്‍ ഖത്തര്‍ എയര്‍വേസ് സഹായിച്ചു. ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈനെന്ന നിലയില്‍ മുന്‍നിര സ്ഥാനം ഖത്തര്‍ എയര്‍വേയ്‌സ് നിലനിര്‍ത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് അവരുടെ യാത്ര സംതൃപ്തമായ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി, എയര്‍ലൈന്‍ ബുക്കിങ് നയങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്. യാത്രകള്‍ക്ക് പരിധിയില്ലാത്ത തീയതി മാറ്റങ്ങള്‍ അനുവദിക്കും, കൂടാതെ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തിന്റെ 5,000 മൈലിനുള്ളിലാണെങ്കില്‍ യാത്രക്കാര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവരുടെ ലക്ഷ്യസ്ഥാനം മാറ്റാന്‍ കഴിയും.
2020 ഡിസംബര്‍ 31 ന് മുമ്പുള്ള യാത്രക്ക് നിരക്ക് വ്യത്യാസങ്ങളൊന്നും എയര്‍ലൈന്‍ ഈടാക്കില്ല. അതിനുശേഷം നിരക്ക് നിയമങ്ങള്‍ ബാധകമാകും. ഡിസംബര്‍ 31 വരെ യാത്രക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും ഇഷ്യു ചെയ്ത തീയതി മുതല്‍ രണ്ട് വര്‍ഷത്തേക്ക് സാധുവായിരിക്കും.

error: Content is protected !!