in

ഉപരോധ രാജ്യങ്ങള്‍ക്കെതിരെ വ്യവഹാര നടപടികളുമായി ഖത്തര്‍ എയര്‍വേയ്‌സ്‌

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഉടമസ്ഥരും ഓപ്പറേറ്ററുമായ ഖത്തര്‍ എയര്‍വേയ്‌സ് സഊദി സഖ്യരാജ്യങ്ങള്‍ക്കെതിരെ നാല് രാജ്യാന്തര നിക്ഷേപ വ്യവഹാരങ്ങള്‍ക്ക് തുടക്കംകുറിച്ചു. സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ക്കെതിരെയാണ് മില്യണ്‍ കണക്കിന് ഡോളറിന്റെ വ്യവഹാര നടപടികള്‍ തുടങ്ങിയിരിക്കുന്നത്.
2017 മുതല്‍ ഈ നാല് രാജ്യങ്ങളും ഖത്തറിനെതിരെ അനധികൃത വായു, കടല്‍, കര ഉപരോധം തുടരുകയാണ്. ഖത്തര്‍ എയര്‍വേസിനെ തങ്ങളുടെ വിപണികളില്‍ നിന്ന് നീക്കുകയും വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നതിനെ തടയുകയും ചെയ്യുന്നതുള്‍പ്പടെ ഉപരോധ രാജ്യങ്ങളുടെ നടപടികള്‍ക്ക് അനധികൃത നടപടികള്‍ക്ക് പരിഹാരം തേടുകയാണ് ഈ വ്യവഹാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നിയമവിരുദ്ധമായ നടപടികള്‍ക്ക് നഷ്ടപരിഹാരമായി ഖത്തര്‍ എയര്‍വേയ്‌സ് ഉപരോധ രാജ്യങ്ങളില്‍നിന്ന് കുറഞ്ഞത് അഞ്ചു ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരമാണ് തേടുന്നത്. മൂന്ന് പതിറ്റാണ്ടായി ഖത്തര്‍ എയര്‍വേസ് ഈ നാല് ഉപരോധ രാജ്യങ്ങളിലുംഗണ്യമായ നിക്ഷേപം നടത്തയിട്ടുണ്ട്. ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സേവനം നല്‍കി.
പതിനായിരക്കണക്കിന് ടണ്‍ ചരക്കുകള്‍ ഈ രാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം ഓരോ രാജ്യങ്ങളിലേക്കും എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ യാതൊരു മുന്നറിയിപ്പില്ലാതെ 2017 ജൂണ്‍ അഞ്ചു മുതല്‍ യുഎഇ, ബഹ്റൈന്‍, സഊദി അറേബ്യ, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യമാക്കി കൂട്ടായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഈ നടപടികള്‍ ഖത്തര്‍ എയര്‍വേയ്‌സിനെ പ്രത്യേകമായി ലക്ഷ്യമിട്ടായിരുന്നു. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുക, എയര്‍ലൈനിന്റെ നിക്ഷേപങ്ങളുടെ മൂല്യം നശിപ്പിക്കുക, ഖത്തര്‍ എയര്‍വേയ്സിന്റെ ആഗോള പ്രവര്‍ത്തന ശൃംഖലയ്ക്ക് വ്യാപകമായ നാശനഷ്ടം വരുത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ നടപടികളെല്ലാമെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇവയെല്ലാം ഇന്നുവരെ തുടരുകയും ഖത്തര്‍ എയര്‍വേയ്സിന്റെ ആഗോള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും വിശദീകരിച്ചു. ഒഐസി നിക്ഷേപ കരാര്‍, അറബ് നിക്ഷേപ കരാര്‍, ഖത്തറും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നീ മൂന്നു വ്യത്യസ്ത ഉടമ്പടികള്‍ക്കു കീഴിലായി നാല്് നിക്ഷേപ വ്യവഹാരങ്ങളിലൂടെ ഈ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരമാണ് ഖത്തര്‍ എയര്‍വേയ്‌സ് തേടുന്നത്. ഖത്തര്‍ എയര്‍വേയ്സിനെതിരെ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ, ഉപരോധ രാജ്യങ്ങള്‍ കരാറുകള്‍ പ്രകാരമുള്ള തങ്ങളുടെ ബാധ്യതകള്‍ ലംഘിച്ചുവെന്ന് വ്യവഹാര നോട്ടീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സിന്റെ നിക്ഷേപം വേണ്ടവിധം സംരക്ഷിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും പരാജയപ്പെടുകയും ഖത്തര്‍ എയര്‍വേയ്സിനോട് വിവേചനം കാണിക്കുകയും എയര്‍ലൈനിനും അതിന്റെ നിക്ഷേപങ്ങള്‍ക്കും ന്യായവും തുല്യവുമായ സമീപനം കൈക്കൊള്ളുന്നതില്‍ പരാജയപ്പെടുകയും ചെയ്തതായും ചൂണ്ടിക്കാട്ടി.
ഉപരോധ രാജ്യങ്ങളുടെ നടപടികള്‍ സിവില്‍ ഏവിയേഷന്‍ കണ്‍വന്‍ഷനുകളുടെയും ഒപ്പുവെക്കപ്പെട്ട കരാറുകളുടെയും വ്യക്തവും കൃത്യവുമായ ലംഘനമാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. സംഭാഷണത്തിലൂടെ പ്രതിസന്ധി രമ്യമായി പരിഹരിക്കാനുള്ള മൂന്നുവര്‍ഷത്തിലേറെ നീണ്ട ശ്രമങ്ങള്‍ക്ക് ഫലമുണ്ടായില്ല, ആര്‍ബിട്രേഷന്‍ നോട്ടീസ് നല്‍കാനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങള്‍ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നേടുന്നതിനുമുള്ള എല്ലാ നിയമപരമായ പരിഹാരങ്ങളും പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഉഭയകക്ഷി കരാറുകള്‍, ബഹുമുഖ കരാറുകള്‍, അന്താരാഷ്ട്ര നിയമം എന്നിവ പ്രകാരം തങ്ങളുടെ ബാധ്യതകള്‍ പാലിക്കാന്‍ നാലു രാജ്യങ്ങളും തയാറായില്ല. വ്യോമയാന മേഖലയിലെ നിയമവിരുദ്ധ നടപടികള്‍ക്ക് ഈ രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അല്‍ബാകിര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 373 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് ഒരു മരണം

ഖത്തര്‍ മ്യൂസിയംസിന്റെ കള്‍ച്ചര്‍ പാസ് പദ്ധതിക്ക് മികച്ച പ്രതികരണം