
ദോഹ: കോവിഡ് 19 വാക്സിന് വാങ്ങാനായി വീണ്ടും കരാറിലേര്‍പ്പെട്ട് ഖത്തര്‍. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള മൊഡേണ എന്ന ബയോടെക് കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചത്. വാക്സിനു വേണ്ടി ഖത്തര്‍ കരാറിലാകുന്ന രണ്ടാമത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മൊഡേണ. കോവിഡ് ദേശീയ ഹെല്‍ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും ഹമദ് പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായിട്ടായിരുന്നു ഒന്നാമതായി വാക്സിന് വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്. മൊഡേണ മഹാമാരി വ്യാപകമായ തുടക്ക സമയത്തു തന്നെ ഇക്കാര്യത്തില്‍ ഗവേഷണം നടത്തിവരുന്ന കമ്പനിയാണ്. കമ്പനിയുടെ വാക്സിന് പരിശോധനകളും പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയാല്‍ ആഗോള ഉപയോഗത്തിന് അനുമതി ലഭ്യമാവും. ഇതോടെ ഖത്തറിലും മരുന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. അല്‍ഖാല്‍ വിശദീകരിച്ചു.
ക്ലിനിക്കല്‍ പരീക്ഷണം രണ്ട് ഘട്ടത്തിലാണ് മൊഡേണ നടത്തിയത് പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ആരോഗ്യമുള്ള മുതിര്‍ന്നവരുടെ ശരീരത്തില്‍ കൊറോണവൈറസിനെതിരെയുള്ള ആന്റിബോഡി ഉത്പാദിപ്പിക്കുന്നുണ്ടെന്നും ടികോശങ്ങളുടെ പ്രതിരോധത്തിന്റെ പ്രതികരണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് സന്നദ്ധസേവകരില്‍ പരിശോധന തുടരുകയാണ്. പരീക്ഷണങ്ങളും തുടര്‍ച്ചയിലാണ്. ഇതിന്റെ ഫലം ശുഭാപ്തി വിശ്വാസത്തോടെയാണ് നാം പ്രതീക്ഷിക്കുന്നത്.
ഉന്നത സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങളോടെ അമേരിക്കയില്‍ മാത്രം മുപ്പതിനായിരത്തിലധികം പേരിലാണ് വാക്സിന് പരിശോധന നടത്തിയത്. 2021 തുടക്കത്തില്‍ തന്നെ ആഗോള തലത്തില്‍ 500 മില്യന്‍ ഡോസ് വാക്സിന് വിതരണം ചെയ്യാനാണ് മൊഡേണ കമ്പനി തയ്യാറെടുക്കുന്നതെന്നും ഡോ ഖാല്‍ പറഞ്ഞു. ലോകാടിസ്ഥാനത്തില്‍ കോവിഡ് 19 വാക്സിന് ഉത്പാദിപ്പിക്കുന്ന മറ്റു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികളുമായി ആശയവിനിമയം തുടരുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.