സന്നദ്ധ സേവനം അന്താരാഷ്ട്രാ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നു

ദോഹ: സ്വന്തം നാട്ടില്‍ കോവിഡ് ഭീഷണി തുടരുമ്പോഴും അപരന് സാന്ത്വനം പകരുന്ന ഉദാത്ത മാതൃകയായി ഖത്തര്‍. ലോകത്തൊട്ടാകെ കൊറോണ വൈറസ്മഹാമാരി ഭീതി വിതക്കവെ ആരോഗ്യ സാമൂഹിക സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സന്നദ്ധ സേവനങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുകയാണ് ഖത്തറെന്ന കൊച്ചു അറബ് ദേശം. സ്വദേശത്തും വിദേശത്തും മാനുഷിക പരിശ്രമങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഖത്തര്‍ വിമര്‍ശകരെ നിശബ്ദരാക്കുന്നുവെന്നാണ് ഇതേക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് വാര്‍ത്താ വെബ്‌സൈറ്റായ ദി ഇന്‍ഡിപെന്‍ഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നേരത്തെ പല മാധ്യമങ്ങളും ഖത്തറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കുകയുണ്ടായി. ലോകാടിസ്ഥാനത്തിലെ
ദൗത്യങ്ങളെല്ലാം നിര്‍വ്വഹിക്കുമ്പോള്‍ തന്നെ പൗരന്‍മാര്‍ക്കൊപ്പം കുടിയേറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് ഖത്തര്‍ ശ്രദ്ധിക്കുന്നു. ഇതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സര്‍ക്കാരിന് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസിനെ നേരിടുന്നതില്‍ ഖത്തറിന്റെ പ്രതിരോധത്തിന്റെയും പ്രതികരണത്തിന്റെയും കേന്ദ്രം മനുഷ്യാവകാശങ്ങളാണെന്ന് ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവ് ലുലുവ റാഷിദ് അല്‍ഖാതിറിനെ ഉദ്ധരിച്ചുകൊണ്ട് ദി ഇന്‍ഡിപെന്‍ഡന്റ് വിശദീകരിച്ചു.

1.51 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ദിനേന സഹായമെത്തിക്കുന്നു
തൊഴിലാളികളുടെ വേതനം സാധാരണ തീയതികളില്‍ ലഭിക്കുന്നുണ്ടെന്നും പ്രാദേശിക മന്ത്രാലയങ്ങളുമായും എന്‍ജിഒകളുമായും ഏകോപിപ്പിച്ച് ആയിരക്കണക്കിന് ഭക്ഷണ ശുചിത്വ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സദാ ജാഗരൂകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ഖാതിര്‍ വിശദീകരിച്ചു. ക്വാറന്റൈന്‍ മേഖലയിലുള്ളവര്‍ക്ക് പ്രതിദിനം 7000 ഹോട്ട്മീല്‍സ്, 22 എംബസികള്‍ മുഖേന 43,000 അടിയന്തിര ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു വരുന്നു. ശുചിത്വ കിറ്റുകളുടെയും ഒന്‍പത് ഭാഷകളില്‍ ബോധവല്‍ക്കരണ ബ്രോഷറുകളുടെയും വിതരണവും ഖത്തര്‍ ചാരിറ്റി നേതൃത്വം നല്‍കുന്നുണ്ട്. പ്രാദേശികമായി 1.51ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഖത്തര്‍ ചാരിറ്റി സഹായം എത്തിക്കുന്നുണ്ട്. ഈദ് ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്റ്, ശൈഖ് താനീ ബിന്‍ അബ്ദുല്ലാ ഫൗണ്ടേഷന്‍ എന്നിവ ഇതിനു പുറമേയാണ്.
കോവിഡിനെ പ്രതിരോധിക്കാന്‍ ഇറാനും ഇറ്റലിക്കുമൊപ്പം

കോവിഡ് ഭീഷണിയില്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇറാനില്‍ രണ്ടു തവണയാണ് മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെ സഹായങ്ങളുമായി ഖത്തര്‍ എയര്‍വെയിസിന്റെ കാര്‍ഗോ വിമാനം പറന്നെത്തിയത്. ഇറ്റലിയിലേക്ക് രണ്ട് ഫീല്‍ഡ് ആശുപത്രികളാണ് ഖത്തര്‍ എത്തിച്ചത്. ആയിരം കിടക്കകളുള്ള ഈ ആശുപത്രികള്‍ ഇറ്റലിയിലെ റോമിലെത്തിച്ചു. ഓരോന്നിനും 500 കിടക്കകള്‍ വീതം ശേഷിയും ആധുനിക സാങ്കേതികവിദ്യയും സൗകര്യങ്ങളുമുണ്ട്.
രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് വിവിധ ഖത്തരി സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രതിസന്ധി ബാധിത രാജ്യങ്ങളെ പിന്തുണക്കുന്നുണ്ട്.
ഖത്തര്‍ എയര്‍വെയിസ് സേവനം

ലോകത്ത് വിവിധ രാഷ്ട്രങ്ങളില്‍ മെഡിക്കല്‍ ഉത്പന്നങ്ങളും ഉപകരണങ്ങള്‍ എത്തിച്ചതിനു പുറമെ
വിവിധ രാഷ്ട്രങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം ദേശങ്ങളിലെത്തിക്കാനും ഖത്തര്‍ എയര്‍വെയിസിന്റെ നേതൃത്വത്തില്‍ പ്രത്യേക സേവനമാണ് ചെയ്യുന്നത്. ഖത്തറിലെ വിവിധ വന്‍കരകളിലുള്ളവരെ അവരുടെ നാട്ടിലെത്തിക്കുമ്പോള്‍ വിവിധ ലോക രാജ്യങ്ങളില്‍പെട്ടുപോയ ഒമാന്‍, കുവൈത്ത് തുടങ്ങിയ രാഷ്ട്രക്കാരെ അതാതു രാഷ്ട്രങ്ങളിലെത്തിക്കാനും ഖത്തര്‍ എയര്‍വെയിസിന്റെ വിമാനം പറന്നു. വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ സ്വദേശങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും ഖത്തര്‍ എയര്‍വേയ്‌സ് നടത്തുന്ന ശ്രമങ്ങളും പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.