in

വീടുകളില്‍ ആരോഗ്യത്തോടെയിരിക്കുക; നുറുങ്ങു നിര്‍ദേശങ്ങളുമായി ഖത്തരി കായികതാരങ്ങള്‍

ഖത്തരി ദേശീയ ടീം അത്‌ലറ്റ് മരിയം ഫരീദ് വ്യായാമത്തിനിടെ

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളിലിരിക്കുന്നവര്‍ക്ക് വ്യായാമമുറകളും നുറുങ്ങു നിര്‍ദേശങ്ങളുമായി ഖത്തരി കായികതാരങ്ങള്‍. ജിമ്മോ ഉപകരണങ്ങളോ ഇല്ലാതെ എല്ലാവര്‍ക്കും പിന്തുടരാവുന്ന വ്യായാമ മുറകളാണ് ഖത്തരി അത്‌ലറ്റുകള്‍ പരിചയപ്പെടുത്തുന്നത്.
താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഖേനയും ഖത്തരി അസോസിയേഷനുകള്‍ മുഖേനയും ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവെക്കുന്നുണ്ട്. ഖത്തറിലെ ജനസംഖ്യയുടെ പകുതിയിലധികവും വീടുകളിലിരുന്ന് ജോലി ചെയ്യുന്ന സമയത്ത് ഇത്തരം വീഡിയോകള്‍ ജനപ്രീതിയാര്‍ജിക്കുന്നുണ്ട്. ഖത്തര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ ഓള്‍(ക്യുഎസ്എഫ്എ) എന്ന സംഘടന അവരുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ വ്യായാമ മുറകളുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇത്തരമൊരു പ്രവണതക്ക് തുടക്കംകുറിച്ചത്. വീടുകളിലിരിക്കുമ്പോഴും ആരോഗ്യം സംരക്ഷിക്കുന്നതിനും നിലവിലെ സാഹചര്യങ്ങളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് വീടുകളില്‍ ചെയ്യാവുന്ന മറ്റു ലളിതമായ വ്യായാമ വീഡിയോകളും പോസ്റ്റ് ചെയ്്തു. ഖത്തര്‍ വുമണ്‍സ് സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ ഓണ്‍ലൈന്‍ യോഗ സെഷനുകള്‍ നടത്തുന്നുണ്ട്. ഖത്തറിലെ സ്ത്രീകള്‍ക്ക് വീഡിയോ ഉപയോഗിച്ചോ അല്ലാതെയോ സൂം ക്ലൗഡ് മീറ്റിംഗ് ആപ്പ് വഴി ഇതില്‍ ചേരാം. ഇതില്‍ പങ്കാളികളാകുന്നതിനുള്ള ഐഡിയും പാസ്വേഡും കമ്മിറ്റിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം വര്‍ക്കൗട്ട് സെഷനുകള്‍ക്കു പുറമെ ഖത്തരി ദേശീയ ടീം അത്‌ലറ്റ് മരിയം ഫരീദ് തന്റെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും നൂതനവും രസകരവുമായ വ്യായാമ മാര്‍ഗങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22ന് പോസ്റ്റ് ചെയ്ത ആദ്യ ട്വീറ്റില്‍ വീടുകളിലിരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനൊപ്പം റഷ്യന്‍ ട്വിസ്റ്റ് എന്ന ഉദരസംബന്ധിയായ വ്യായാമരീതിയും പരിചയപ്പെടുത്തുന്നുണ്ട്.
ഖത്തറിന്റെ വനിതാ ബോക്‌സിങ് ടീമംഗം അഫാഫ് അല്‍ഖൂറെയ്‌നും തന്റെ പരിശീലനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരമ്പരാഗത ഒകിനവാന്‍ ആയോധനകലാ ആയുധമായ നഞ്ചക്ക് ഉപയോഗിച്ചുള്ള പരിശീലനത്തിന്റെ വീഡിയോയാണ് പങ്കുവെച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ്; രക്തവും ഭക്ഷണവും നല്‍കി ബഹ്‌റൈന്‍ പ്രതിഭയും

ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന