ദോഹ: രണ്ടാമത് മാരിടൈം ഇന്ത്യ ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ വിര്‍ച്വല്‍ രീതിയിലാണ് സമ്മേളനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തത്. ഗതാഗത കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്സുലൈത്തിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഉദ്ഘാടന സെഷനിലും മന്ത്രിതല സെഷനിലും മന്ത്രി അല്‍സുലൈത്തി പങ്കെടുത്തു.
ഇന്ത്യക്കും ഖത്തറിനുമിടയിലെ പരമ്പരാഗത വ്യാപാരബന്ധത്തെക്കുറിച്ചും ഷിപ്പിങ്, സമുദ്ര വ്യവസായം, തുറമുഖം എന്നിവയുള്‍പ്പടെയുള്ള മേഖലകളില്‍ രണ്ടുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വിര്‍ച്വല്‍ ഉച്ചകോടിയിലൊന്നാണിത്. നൂറിലധികം രാജ്യങ്ങളില്‍നിന്നായി 1.07ലക്ഷം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ത്രിദിന ഉച്ചകോടിയില്‍ എട്ടു രാജ്യങ്ങളിലെ മന്ത്രിമാര്‍, 50 ഗ്ലോബല്‍ സിഇഒമാര്‍, 24 രാജ്യങ്ങളിലെ 115 രാജ്യാന്തരപ്രഭാഷകരടക്കം 160ലധികം പ്രഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.