
അശ്റഫ് തൂണേരി/ഓണ്‍ലൈന്‍ ഡെസ്ക്
ആദ്യ ഫിഫ അറബ് കപ്പില്‍ തന്നെ ആവേശത്തുടക്കമിട്ട് ഖത്തര്‍. തങ്ങളുടെ അയല്‍രാജ്യമായ ബഹ്റൈനെ ശക്തമായ പോരാട്ടത്തിലൂടെ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ മലര്‍ത്തിയടിച്ചത്. പ്രതിരോധത്തിനും മുന്നേറ്റത്തിനും ബഹ്റൈന്‍ ടീം ശ്രമിച്ചുവെങ്കിലും വിജയം ഖത്തറിനൊപ്പം നിന്നു. അല്‍ഖോറിലെ അല്‍ബൈത്ത് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആയിരങ്ങള്‍ക്ക് ആവേശമായി നടന്ന വര്‍ണ്ണാഭമായ ഉത്ഘാടന ചടങ്ങിന് ശേഷമായിരുന്നു വാശിയേറിയ മത്സരം. അറബ് മേഖലയിലെ 16 വമ്പന്‍ ടീമുകള്‍ മാറ്റുരക്കുന്ന അറബ് കപ്പ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്ഘാടനം ചെയ്തു.

ബഹ്റൈന്റേത് മിക മികച്ച തുടക്കമായിരുന്നുവെങ്കിലും ഗോള്‍ രഹിത ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഖത്തര്‍ ശക്തമായ കളിയിലേക്ക് ചുവടുമാറി. അതിനിടെ ബഹ്റൈന്‍ താരം അബ്ദുള്‍ വഹാബ് അല്മലൂദിന് വൈഡ് ഹെഡിലൂടെ ഒരു ഗോള്‍ നഷ്ടമായി.
പതിനെട്ടാം മിനുട്ടില്‍ ഖത്തറിന്റെ മുഹമ്മദ് വാദിന് ഒരു അവസരം ലഭിച്ചുവെങ്കിലും ബഹ്റൈന്‍ ഗോള്‍ കീപ്പര്‍ സയ്യിദ് മുഹമ്മദ് അബ്ബാസ് ശ്രമകരമായ നീക്കത്തിലൂടെ പന്ത് തിരിച്ചുവിട്ടു. 64ാം മിനിറ്റില്‍ അക്രം അഫീഫിന്റെ തലയില്‍ നിന്ന് ഒരു മികച്ച പാസ് ഏറ്റെടുത്ത അല്‍മോസ് അലിയുടെ മുന്നേറ്റത്തോടെ ഖത്തര്‍ കളി നിയന്ത്രിച്ചു.
ഒടുവില്‍ അറുപത്തിയൊമ്പതാം മിനുറ്റില്‍ ഖത്തര്‍ തകര്‍ത്തു. ഹാതിം ഒരു പെര്‍ഫെക്റ്റ് ഹെഡ്ഡറിലൂടെ മനോഹരമായ ഗോള്‍ നേടി നിലവിലെ ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാര്ക്ക് വിജയം സമ്മാനി്ക്കുകയായിരുന്നു.

ഫോട്ടോ: സുപ്രീം കമ്മിറ്റി
2004-ലെ സൗഹൃദ മത്സരത്തിന് ശേഷം ബഹ്റൈനെ തോത്പിക്കുന്നുവെന്ന ചാരിതാര്‍ത്ഥ്യം കൂടി ഖത്തറിന് ഈ വിജയത്തിലൂടെ നേടാനായി. ഗ്രൂപ്പ് എയിലാണ് ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, നാല് തവണ ചാമ്പ്യന്മാരായ ഇറാഖ് എന്നിവര്‍ ഉള്‍പ്പെടുന്നത്.
അതേ സമയം നേരത്തെ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന തുനീഷ്യ-മൗറിത്താനിയ മത്സരത്തില്‍ തുനീഷ്യ 5-1 ന് ആദ്യ വിജയം നേടി.
യുണൈറ്റഡ് അറബ് എമിറേറ്റ്സും സിറിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ടുണീഷ്യന്‍ ടീം ആദ്യ മൂന്ന് പോയിന്റ് ഉറപ്പിച്ചു. അല്‍ജനൂബ് സ്റ്റേഡിയത്തില്‍ ഒമാനെതിരെ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇറാഖ് 1-1ന് സമനിലയില്‍ പിരിഞ്ഞു. വ്യത്യസ്ത സ്റ്റേഡിയങ്ങളിലായി നാല് മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ അരങ്ങേറിയത്.
