in

നിയമവിരുദ്ധവും അന്യായവുമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ഖത്തര്‍

ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി

ദോഹ: രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമവിരുദ്ധവും അന്യായവുമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ വീണ്ടും ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ വിര്‍ച്വല്‍ യോഗത്തില്‍ യുഎന്നിലെ ഖത്തറിന്റെ സ്ഥിരംപ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഫലസ്തീന്‍ വിഷയം ഉള്‍പ്പടെ മിഡില്‍ഈസ്റ്റിലെ സാഹചര്യം സംബന്ധിച്ച ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഖത്തറിനെയും അതിന്റെ പരമാധികാര തീരുമാനത്തെയും ദുര്‍ബലപ്പെടുത്താന്‍ ഉപരോധ രാജ്യങ്ങള്‍ ആശ്രയിച്ചിരുന്ന അക്കൗണ്ടുകളുടെ നിരാശയും സഹോദര ജനങ്ങളെ വേര്‍തിരിക്കാനുദ്ദേശിച്ചുള്ള നയങ്ങളുടെ പരാജയവും ഖത്തര്‍ എടുത്തുപറഞ്ഞു. ഈ നയങ്ങള്‍ ഐക്യദാര്‍ഢ്യത്തെയും പ്രാദേശിക സഹകരണത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ കോവിഡ്-19ന്റെ സാഹചര്യത്തില്‍ മേഖലയുടെ ഐക്യവും സഹകരണവും അനിവാര്യമാണെന്ന് ശൈഖ ആലിയ പറഞ്ഞു.
മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുകയും സുരക്ഷക്കും സുസ്ഥിരതക്കും നെഗറ്റീവ് നിഴലുകള്‍ നല്‍കുകയും ചെയ്ത പ്രതിസന്ധികളിലൊന്നാണ് ഖത്തറിനെതിരായ ഉപരോധം. നിയമവിരുദ്ധമായി കെട്ടിച്ചമച്ച പ്രതിസന്ധിയാണ് അന്യായമായ ഉപരോധം. നിയമവിരുദ്ധമായ ഏകപക്ഷീയമായ നടപടികളാണ് ഖത്തറിനെതിരെ സ്വീകരിച്ചതെന്നും ശൈഖ ആലിയ ചൂണ്ടിക്കാട്ടി. ഖത്തറിനെതിരായ നിയമവിരുദ്ധവും അന്യായവുമായ ഉപരോധം അടിയന്തരമായി അവസാനിപ്പിക്കണം. ഖത്തര്‍ വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് വ്യോമാതിര്‍ത്തി ഉപരോധിക്കുന്നതും അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങളുടെയും ചിക്കാഗോ രാജ്യാന്തര വ്യോമയാന കരാറിലെ വ്യവസ്ഥകളുടെയും ലംഘനമാണിതെന്നും ശൈഖ ആലിയ ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിച്ചുകൊണ്ട് നിരുപാധികവും സൃഷ്ടിപരവുമായ ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ തയ്യാറാണെന്ന രാജ്യത്തിന്റെ നിലപാടും ശൈഖ അലിയ ആവര്‍ത്തിച്ചു.
മേഖലയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഖത്തറിനെതിരായ ഉപരോധമാണ്. ഉപരോധത്തിന് ശേഷം ഖത്തറിനെതിരെ വിദ്വേഷ പ്രചരണങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാമ്പയിനുകളുമാണ് നടത്തിയത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപരോധ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും ശൈഖ അലിയ പറഞ്ഞു.ആഗോള തലത്തിലുള്ള കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ കൂട്ടായ ഉത്തരവാദിത്വവും സഹകരണവും വേണമെന്നതാണ് രാജ്യത്തിന്റെ നിലപാട്.
കോവിഡ്-19 ബാധിത രാജ്യങ്ങളിലേക്ക് അടിയന്തര മെഡിക്കല്‍ സഹായവും കോവിഡ് ബാധിത രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ സ്വദേശങ്ങളിലേക്കും എത്തിക്കുന്നതില്‍ ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു. മിഡില്‍ഈസ്റ്റില്‍ കോവിഡ് പടരുന്നതിന്റെ അപകടത്തെക്കുറിച്ചും പൊതു ആരോഗ്യ പ്രതിസന്ധിയെന്ന നിലയില്‍ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ പ്രതിഫലനങ്ങളെക്കുറിച്ചും വിശദീകരിച്ചു. എല്ലാവര്‍ക്കും വെല്ലുവിളിയായിരിക്കുന്ന കോവിഡ്-19 മേഖലയിലെ ബന്ധങ്ങള്‍ പുതുക്കുകയോ പുനസ്ഥാപിക്കുകയോ ചെയ്യുന്നതിനുള്ള ഉത്തേജകമായിരിക്കണം.
കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യവും മേഖലാ സഹകരണവും കൂടുതല്‍ ആവശ്യമായ കാര്യമാണ്. നിയമവിരുദ്ധമായ ഏകപക്ഷീയമായ നടപടികള്‍ സഹകരണത്തെ ദുര്‍ബലപ്പെടുത്തുകയും മേഖലയിലെ രാജ്യങ്ങളെയും ജനങ്ങളെയും പകര്‍ച്ചവ്യാധിയുടെ വ്യാപനം നേരിട്ട് ബാധിക്കുകയും ചെയ്യുന്നു.
പ്രതിസന്ധികള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമുള്ള പരിഹാരം തേടുകയും ശത്രുതകള്‍ അവസാനിപ്പിക്കുകയും മാനുഷിക പ്രവേശനം സുഗമമാക്കുകയും വേണം- ശൈഖ ആലിയ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് ആപ്പ് ആപ്പിളിന്റെ ആപ്പ്‌സ്റ്റോറില്‍ ലഭ്യമാക്കി

സാമൂഹിക അകലം: ഖത്തറിന്റെ വായു ഗുണനിലവാരം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്