
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബലിപെരുന്നാള്‍ നമസ്കാരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 401 പള്ളികളിലും ഈദ് ഗാഹുകളിലുമായാണ് ഈദ് നമസ്കാരം നടന്നത്. പുലര്‍ച്ചെ 5.15 ന് നടന്ന ഈദ് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ എല്ലായിടങ്ങളിലും വിശ്വാസികളുടെ തിരക്കായിരുന്നു.
കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ പ്രാര്‍ഥനകള്‍ക്കൊപ്പം ഭരണകൂട നടപടികളോട് ചേര്‍ന്ന് നിന്നുള്ള ത്യാഗപൂര്‍ണമായ സഹകരണവും ഉണ്ടാവണമെന്ന് പെരുന്നാള്‍ പ്രഭാഷണത്തില്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു
ശാരീരിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചുമാണ് വിശ്വാസികള്‍ ഈദ് നമസ്കാരത്തില്‍ പങ്കെടുത്തത്. ഹസ്തദാനം ചെയ്തും പരസ്പരം ആലിംഗനം ചെയ്തുമുള്ള ഈദ് ആശംസകള്‍ക്ക് പകരം അകലം പാലിച്ചു കൊണ്ടുള്ള ആശംസകള്‍ നേര്‍ന്നാണ് വിശ്വാസികള്‍ മടങ്ങിയത്. പള്ളികളില്‍ മാസ്ക് ധരിച്ചവരേയും ഇഹ്തെറാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ആരോഗ്യനില സൂചിപ്പിക്കുന്ന നിറം പച്ചയായവരെയും മാത്രമാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ഈദ് ഗാഹുകളില്‍ പ്രത്യേക പരിശോധനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നമസ്കാരത്തിന് എത്തിയവര്‍ സാമൂഹിക അകലം പാലിച്ചാണ് നില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ഖത്തര്‍ റെഡ്ക്രസന്റ് വളണ്ടിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഈദു ഗാഹുകളുടെ മുന്‍ ഭാഗങ്ങളില്‍ വിശ്വാസികള്‍ക്കായി മുസല്ലയും നിരത്തിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ പലരും ചെറിയ പെരുന്നാളിന് സമാനമായി ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ തന്നെയാണ് നടത്തിയത്. എന്നാല്‍ സൂഖ് വാഖിഫ്, കത്താറ, അല്‍ വഖ്റ സൂഖ്, ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി എല്ലായിടങ്ങളിലും വൈകീട്ടോടെ സന്ദര്‍ശക തിരക്കുണ്ടായിരുന്നു.
ഈദ് ദിനങ്ങളില്‍ ഒത്തുചേരലുകളും കുടുംബ സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും എല്ലായിടത്തും മുന്‍കരുതലോടെ അത്യാവശ്യം ആളുകള്‍ എത്തിയിരുന്നു. നാല് മാസങ്ങള്‍ക്ക് ശേഷം പള്ളികളില്‍ ജുമുഅ നിര്‍വഹിക്കാനും ഇന്നലെ വിശ്വാസികള്‍ക്ക് കഴിഞ്ഞിരുന്നു. 200 പള്ളികളിലാണ് ജുമുഅ നടന്നത്.
