in

സ്‌ക്രാപ്പ് കമ്പനികള്‍ ഉത്പാദനം ശക്തിപ്പെടുത്തണമെന്ന് ഖത്തര്‍ ചേംബര്‍

ഖത്തര്‍ ചേംബറിന്റെ പരിസ്ഥിതി കമ്മിറ്റി രാജ്യത്തെ സ്‌ക്രാപ്പ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന്‌

ദോഹ: ഖത്തര്‍ ചേംബറിന്റെ പരിസ്ഥിതി കമ്മിറ്റി രാജ്യത്തെ സ്‌ക്രാപ്പ് കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കമ്പനികള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും സമഗ്രമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ചര്‍ച്ച. ഖത്തര്‍ ചേംബര്‍ ബോര്‍ഡംഗവും ഭക്ഷ്യസുരക്ഷാ-പരിസ്ഥിതി സമിതി തലവനുമായ മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ഉബൈദ്‌ലിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. സ്‌ക്രാപ്പ് ലോഹ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ ഉടമകളും ഡയറക്ടര്‍മാരും പങ്കെടുത്തു.
ദേശീയ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌ക്രാപ്പ് കമ്പനികള്‍ ഉത്പാദനം ശക്തിപ്പെടുത്തണമെന്ന് ഖത്തര്‍ ചേംബര്‍ ആവശ്യപ്പെട്ടു. കയറ്റുമതി ചെയ്ത സ്‌ക്രാപ്പും പ്രാദേശിക ഫാക്ടറികള്‍ നിശ്ചയിച്ചിട്ടുള്ളവയും തമ്മിലുള്ള വില്‍പ്പന വിലയിലെ പ്രധാന വ്യത്യാസം ഉള്‍പ്പടെ സ്‌ക്രാപ്പ് കമ്പനികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. വില്‍പ്പനവിലയിലെ വ്യത്യാസം പ്രാദേശിക കമ്പനികള്‍ക്ക് ഗണ്യമായ നഷ്ടത്തിനിടയാക്കുന്നുണ്ട്. പ്രാദേശിക ഫാക്ടറികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന്റെ അഭാവം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയായി. സ്‌ക്രാപ്പിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനുള്ള തടസങ്ങളും എല്ലാവര്‍ക്കും സ്വീകാര്യമായ വില നിശ്ചയിക്കുന്നതും ചര്‍ച്ച ചെയ്തു.
സ്‌ക്രാപ്പ് മേഖലയില്‍ മത്സരശേഷി പ്രാപ്തമാക്കേണ്ടതിന്റെ പ്രാധാന്യവും സ്‌ക്രാപ്പ് കമ്പനികള്‍ക്ക് തങ്ങളുടെ വ്യാപാരം കയറ്റുമതി ചെയ്യാന്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകതയും പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക ഫാക്ടറികളുടെ ആവശ്യകത നിറവേറ്റിയശേഷം കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്‍കണമെ ആവശ്യവും ഉയര്‍ന്നു. ഇക്കാര്യത്തില്‍ വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് എന്നിവ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടു. പ്രാദേശിക സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ദേശീയ മുന്‍ഗണനയാണെന്ന് അല്‍ഉബൈദ്‌ലി ചൂണ്ടിക്കാട്ടി. കമ്പനികള്‍ക്ക് കയറ്റുമതി അനുവദിക്കുന്നതിനുമുമ്പ്, ഓരോ ഇനം സ്‌ക്രാപ്പിന്റെയും വലുപ്പവും സ്‌ക്രാപ്പ് പ്രോസസ്സിംഗ് പ്ലാന്റുകളുടെ ശേഷിയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ക്രാപ്പ് മേഖലയില്‍ ന്യായമാല വില നിശ്ചയിക്കുന്നത് വാണിജ്യ വ്യവസായ മേഖലകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. കമ്പനികള്‍ ഉത്പാദനം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാക്ടറികള്‍ കമ്പനികളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് ഒരു നിശ്ചിത കാലയളവിലേക്ക് ന്യായമായ സംവിധാനത്തിലൂടെ എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ വിലകള്‍ നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യം യോഗം ശുപാര്‍ശ ചെയ്തതായി അല്‍ഉബൈദ്‌ലി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എന്‍സിസിസിആറില്‍ വിപുലീകരിച്ച ഡേ കെയര്‍ യൂണിറ്റ് തുറന്നു

അന്ദലൂഷ്യ റാലിയില്‍ നാസര്‍ അല്‍അത്തിയ്യ ഒന്നാമത്‌