
ദോഹ: ഖത്തര്‍ ചാരിറ്റി തുര്‍ക്കിയിലെ യുഎന്‍ മാനുഷികകാര്യങ്ങള്ക്കായുള്ള ഏകോപന ഓഫീസുമായി(ഒസിഎച്ച്എ) ഒപ്പുവെച്ച കരാറിന്റെ പ്രയോജനം ലഭിക്കുന്നത് 58,380 സിറിയന്‍ സ്വദേശികള്‍ക്ക്. സിറിയയിലെ ഇദ്ലിബിലെയും അലപ്പോയിലെയും സ്ക്വാട്ടര്‍ ക്യാമ്പുകള്‍ക്കും ആരോഗ്യ സൗകര്യങ്ങള്‍ക്കുമായി അടിയന്തര ജല- ശുചിത്വ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പത്തുലക്ഷത്തിലധികം റിയാലാണ് പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. കരാര്‍ പ്രകാരം, പദ്ധതിയുടെ വലിയൊരു ഭാഗത്തിന് ഒസിഎച്ച്എ ധനസഹായം നല്‍കും. അവശേഷിക്കുന്ന പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റിയും ധനസഹായം നല്‍കും. ഏഴ് മാസത്തിനുള്ളില്‍ തുര്‍ക്കിയിലെ ഓഫീസ് വഴിയും ഫീല്‍ഡ് ടീമുകള്‍ വഴിയും ക്യുസി പദ്ധതി നടപ്പിലാക്കുകയും നിരീക്ഷിക്കുകയും കാലാകാലങ്ങളില്‍ ഫോളോഅപ്പ് ചെയ്യുകയും ചെയ്യും. രണ്ടു ഭാഗങ്ങളായി നടപ്പാക്കുന്ന പദ്ധതിയില്‍ ഒന്‍പത് വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇദ്ലിബിലെയും അലപ്പോയിലെയും 21 സ്ക്വാട്ടര്‍ ക്യാമ്പുകള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കല്‍, 25 ഐഡിപി ക്യാമ്പുകള്‍ക്ക് 2,000 ലിറ്റര്‍ വാട്ടര്‍ ടാങ്കുകള്‍ നല്കല്, 100 ടോയ്ലറ്റുകളുടെയും 60 വാട്ടര്‍ പോയിന്റുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുക എന്നിവയാണ് ആദ്യഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗങ്ങളും പകര്‍ച്ചവ്യാധികളും പൊട്ടിപ്പുറപ്പെടുന്നത് കുറക്കുക, ക്യാമ്പുകളില്‍ ആരോഗ്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവ കാമ്പയിന്റെ ഭാഗമാണ്. മൂന്നു മാസം കാമ്പയിന് തുടരും. 13,380 പേര്‍ക്ക് ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കും. എട്ട് ഐഡിപി മെഡിക്കല്‍ സെന്ററുകളിലാണ് രണ്ടാംഭാഗം നടപ്പാക്കുന്നത്. ഈ കേന്ദ്രങ്ങളിലേക്ക് വെള്ളം എത്തിക്കുക, ജലസംഭരണികള്‍ സ്ഥാപിക്കുക, ടോയ്ലറ്റുകളുടെയും വാട്ടര്പോയിന്റുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക എന്നിവയാണ് ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴുമാസം നീളുന്ന കാമ്പയിന്റെ പ്രയോജനം 45,000 പേര്‍ക്ക് ലഭിക്കും.