
ദോഹ: സിറിയന്‍ ജനങ്ങളെ സഹായിക്കുന്നതിനായി ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്ന കാമ്പയിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. ഖത്തര്‍ മീഡിയ കോര്‍പ്പറേഷനുമായി സഹകരിച്ച് ശാം അര്‍ഹിക്കുന്നു എന്ന തലക്കെട്ടിലാണ് ദേശവ്യാപക കാമ്പയിന്. സിറിയന്‍ ജനതയ്ക്കും അവര്‍ക്ക് അഭയം നല്കുന്ന രാജ്യങ്ങള്‍ക്കും അടിയന്തര ദുരിതാശ്വാസ സഹായം നല്‍കുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
ആറു ബഹുതല പദ്ധതികളിലായി 50 മില്യണ്‍ ഖത്തര്‍ റിയാലാണ് ഈ ഘട്ടത്തില്‍ ചെലവഴിക്കുന്നത്. വടക്കന്‍ സിറിയയില്‍ കുടിയൊഴിപ്പിക്കപ്പെട്ട 80,000ലധികം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ജൂണില്‍ 88 ദുരിതാശ്വാസ ട്രക്കുകള്‍ വടക്കന്‍ സിറിയയിലേക്ക് എത്തിക്കാന്‍ ഖത്തര്‍ ചാരിറ്റിക്ക് കഴിഞ്ഞു. അടുത്ത മൂന്ന് മാസത്തേക്ക് ദിവസേന ട്രക്കുകളില്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കും. 3,000 ഷെല്‍ട്ടര്‍ കിറ്റുകള്‍, 10,600 ഭക്ഷ്യ പായ്ക്കറ്റുകള്‍, 5,500 വ്യക്തിഗത ശുചിത്വ കിറ്റുകള്‍, 150 കുടിവെള്ള ടാങ്ക് ട്രക്കുകള്‍, വാട്ടര്‍ സ്റ്റേഷനുകള്‍ക്കായി 150,000 ലിറ്റര്‍ ഇന്ധനം എന്നിവ ദുരിതാശ്വാസ സഹായത്തില്‍ ഉള്‍പ്പെടുന്നു.
ഏകദേശം 340 ദുരിതാശ്വാസ ട്രക്കുകള്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഘട്ടത്തില്‍ വെള്ളം, ശുചിത്വം, പാര്‍പ്പിടം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഉപജീവനമാര്‍ഗം എന്നീ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് തുര്‍ക്കിയിലെ ഖത്തര്‍ ചാരിറ്റി റീജിയണല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് വാഹി വ്യക്തമാക്കി. 13 വാട്ടര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും 4,300 ജലസംഭരണികള്‍ നല്‍കുകയും 20,500 ഷെല്‍ട്ടര്‍ കിറ്റുകളും 600 കൂടാരങ്ങളും വിതരണം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2,500 വിദ്യാര്‍ഥികളുടെ പ്രയോജനത്തിനായി 100 സ്കൂള്‍ കാരവാനുകളും സ്കൂള്‍ ഉത്പന്നങ്ങളും 600 കുടുംബങ്ങള്‍ക്ക് വെള്ളവും ശുചിത്വ സൗകര്യങ്ങളും ലഭ്യമാക്കും. കൂടാതെ 13,500 കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ശുദ്ധമായ വാട്ടര്‍ ടാങ്ക് ട്രക്കുകള്‍ നല്‍കും.
വടക്കന്‍ സിറിയയിലെ 10,500 കുടുംബങ്ങള്‍ക്കായി 31,500 ഫുഡ് പാര്‍സലുകള്‍ വിതരണം ചെയ്യും. 28,750 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ ബേക്കറികള്‍ പ്രവര്‍ത്തിപ്പിക്കും. സിറിയയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനെത്തുടര്‍ന്ന് മോശമായ മാനുഷിക സാഹചര്യങ്ങളിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ധാര്‍മ്മികവും മാനുഷികവുമായ കടമയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ഖത്തര്‍ ചാരിറ്റിയുടെ കാമ്പയിന്.
റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസിന്റെ മേല്‍നോട്ടത്തിലാണിത്. ഖത്തര്‍ മീഡിയ കോര്‍പ്പറേഷനു പുറമെ ഖത്തര്‍ ടെലിവിഷന്‍, ഖത്തര്‍ റേഡിയോ, സൗത്ത് അല്‍ഖലീജ് റേഡിയോ, അല്‍കാസ് സ്പോര്‍ട്സ് ചാനല്‍, അല്‍റയ്യാന്‍ ടിവി, അല്‍റയ്യാന്‍ റേഡിയോ എന്നിവയ ആദ്യഘട്ടത്തില്‍ കാമ്പയിനുമായി സഹകരിച്ചിരുന്നു. സിറിയന്‍ അഭയാര്‍ഥികളുടെയും ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും ദുഷ്കരമായ മാനുഷിക സാഹചര്യം കണക്കിലെടുത്താണ് അടിയന്തര കാമ്പയിന്.
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രതിസന്ധി നേരിടുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ശാം അര്‍ഹിക്കുന്നു കാമ്പയിനില്‍ സംഭാവന നല്കാന് ഖത്തറിലെ ഗുണഭോക്താക്കളോട് ഖത്തര്‍ ചാരിറ്റി അഭ്യര്‍ത്ഥിച്ചു. പണം, ആഭരണങ്ങള്‍, വാഹനം തുടങ്ങി വിവിധ രൂപങ്ങളില്‍ സംഭാവന നല്കാന് സാധിക്കും.