
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സുഡാനില്‍ അനാഥര്‍ക്കായി ഏറ്റവും വലിയ വിദ്യാഭ്യാസ നഗരം ഉടന്‍ തുറക്കും. പദ്ധതിയുടെ 95ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഉംദുര്മാനിലാണ് തെയ്ബ വിദ്യാഭ്യാസ നഗരം നിര്‍മിക്കുന്നത്. സുഡാനിന്റെ നിലവിലെ സാഹചര്യത്തില്‍ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഖത്തറിലെ കാരുണ്യമനസ്കരുടെ പിന്തുണയോടെയും ധനസഹായത്തോടെയുമാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഖത്തര്‍ ചാരിറ്റിയുടെ അനാഥ സേവന- പരിചരണ മേഖലയിലെ ഗുണപരമായ കൂട്ടിച്ചേര്‍ക്കലാണ് ഈ പദ്ധതി. ഖത്തര്‍ ചാരിറ്റിയുടെ തെയ്ബ വിദ്യാഭ്യാസ നഗരത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണ്. 600 അനാഥര്‍ക്ക് സമഗ്ര പരിചരണം നല്‍കാനാണ് ലക്ഷ്യമിടുന്നത്. അനാഥര്‍, അവരുടെ കുടുംബങ്ങള്‍, ഖാര്‍ത്തുമിന്റെ തെക്കന്‍ മേഖലയിലെ ഏറ്റവും ആവശ്യം അര്‍ഹിക്കുന്നവര്‍ തുടങ്ങി 6,600 പേര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നഗരത്തില്‍ നിരവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒന്‍പത് ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടര്‍ ലാബും സഹിതം ഒരു ഫൗണ്ടേഷന് സ്കൂള്‍, നാല്് ക്ലാസ്മുറികളും ഒരു ലബോറട്ടറിയും ഒരു ലൈബ്രറിയും ഒരു കമ്പ്യൂട്ടര്‍ ലാബും സഹിതം ഒരു സെക്കന്ററി സ്കൂള്‍, ഭരണനിര്‍വഹണ ഓഫീസുകള്‍, വീടുകള്‍ എന്നിവയാണ് പ്രധാനമായും സജ്ജമാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും ചുറ്റുമുള്ള ഗ്രാമങ്ങളില്‍നിന്നുള്ള ദരിദ്രര്‍ക്കും ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യകേന്ദ്രവും വിദ്യാഭ്യാസ നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തില്‍ വിവിധ ഭരണപരമായ സൗകര്യകേന്ദ്രങ്ങള്‍, ഭക്ഷണശാല, വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഹാളുകള്‍, കായിക സൗകര്യങ്ങള്‍, 600 അനാഥരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ഡോര്‍മിറ്ററി എന്നിവയുമുണ്ട്.
പദ്ധതി 95% പൂര്‍ത്തിയായതായി സുഡാനിലെ ഖത്തര്‍ ചാരിറ്റി ഓഫീസ് ഡയറക്ടര്‍ ഹുസൈന് കര്മാഷ് പറഞ്ഞു. സുഡാനിലെ കോവിഡ് -19 ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ഒന്നര മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറില്‍ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തെയ്ബ വിദ്യാഭ്യാസ നഗരം തുറക്കാന്‍ കഴിയുന്നവിധത്തില്‍ പൂര്‍ണ്ണമായും തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദഗ്ദ്ധരുമായി പൂര്‍ണ്ണമായി ഏകോപിപ്പിച്ച് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി അനാഥരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ്യ ഇപ്പോള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അനാഥര്‍ക്ക് സംയോജിത വിദ്യാഭ്യാസ സേവനങ്ങള്‍ നല്കുന്ന ഒരു പ്രത്യേക നഗരം സ്ഥാപിതമാകുന്നത് സ്വാഗതാര്‍ഹമാണെന്നും അനാഥര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിലൂടെ സമൂഹത്തില്‍ വ്യക്തമായ പ്രതിഫലനമുണ്ടാകുമെന്നും ഖാര്‍ത്തും സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്ഫദ്ലല്ല പറഞ്ഞു. ഖാര്‍ത്തൂം സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇവിടെ മാത്രം 60,000ത്തോളം അനാഥരുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സ്പോണ്‍സര്‍ഷിപ്പ് 50ശതമാനത്തില്‍ താഴെ മാത്രമാണ്.