
ദോഹ: ആഗോളതലത്തില്‍ കൊറോണ വൈറസിനെ (കോവിഡ് -19) നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ ചാരിറ്റി, തുര്‍ക്കിയിലെ റീജിയണല്‍ ഓഫീസ് മുഖേന സിറിയയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വ്യക്തിഗത സംരക്ഷണ സാമഗ്രികള്‍(പിപിഇ) ലഭ്യമാക്കി. ജരാബലസ്, അല്‍റഈ, അസാസ്, മരേയ, അഫ്രിന്‍ എന്നിവിടങ്ങളിലാണ് പിപിഇ വിതരണം ചെയ്തത്.
പിപിഇയുടെ ആദ്യ ബാച്ചില്‍ 3,500 എന്‍ 95 സംരക്ഷണ മാസ്‌കുകള്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് 80,000 മെഡിക്കല്‍ മാസ്‌കുകള്‍, 175 (വിദൂര) ഇലക്ട്രോണിക് തെര്‍മോമീറ്ററുകള്‍, 85,000 ജോഡി മെഡിക്കല്‍ ഗ്ലൗസുകള്‍ എന്നിവ ഉള്‍പ്പെടുന്നു.ആരോഗ്യ സൗകര്യങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് രോഗികളില്‍ രോഗനിര്‍ണയത്തിനും പരിശോധനക്കുമായി
വടക്കന്‍ സിറിയയിലുടനീളം 36 ആരോഗ്യ കേന്ദ്രങ്ങളിലായി 72 ട്രയേജ് കൂടാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇദ്‌ലിബില്‍ മെഡിക്കല്‍ ജീവനക്കാര്‍ക്കായി രണ്ടാമത്തെ ബാച്ച് പിപിഇ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഖത്തര്‍ ചാരിറ്റി. കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനായി 14 കമ്മ്യൂണിറ്റി ഐസൊലേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനും സജ്ജമാക്കാനും ഖത്തര്‍ ചാരിറ്റിയുടെ മെഡിക്കല്‍ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ ചാരിറ്റി, ഖത്തറിലെ ഗുണഭോക്താക്കളുടെ പിന്തുണയോടെ റമദാന്‍ മാസത്തില്‍ ഖത്തറിനകത്തും പുറത്തും കൊറോണ വൈറസ് ബാധിച്ച 3,80,000 പേര്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. 60 മില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആരോഗ്യം, പ്രതിരോധം, ഭക്ഷ്യ സഹായം എന്നിവയാണ് ലഭ്യമാക്കുന്നത്. ഖത്തറിനു പുറത്തുമാത്രം 2,50,000 ഗുണഭോക്താക്കളെ ലക്ഷ്യമിടുന്നുണ്ട്. 40 മില്യണ്‍ റിയാലാണ് ചെലവ്.