in

നൈജീരിയ സ്വദേശികള്‍ക്ക് സഹായവുമായി ഖത്തര്‍ ചാരിറ്റി

ഖത്തര്‍ ചാരിറ്റി ഭക്ഷ്യവസ്തുക്കള്‍ നൈജീരിയന്‍ എംബസിയിലെത്തിച്ചപ്പോള്‍

ദോഹ: അര്‍ഹരായ നൈജീരിയന്‍ സ്വദേശികള്‍ക്ക് ഭക്ഷ്യസഹായവുമായി ഖത്തര്‍ ചാരിറ്റി. ഇതിന്റെ ഭാഗമായി നൈജീരിയന്‍ എംബസിയില്‍ ഭക്ഷണപായ്ക്കറ്റുകള്‍ എത്തിച്ചു. 300 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചസാര, പാചകയെണ്ണ, അരി, ഉപ്പ്, ധാന്യം, പാസ്ത, മാവ്, ടിന്നിലടച്ച ട്യൂണ, സാന്ദ്രീകൃത പാല്‍, ടീബാഗുകള്‍, ബേക്കഡ് ഗ്രീന്‍, വൈറ്റ് ബീന്‍സ് എന്നിവ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളാണ് ഭക്ഷ്യപായ്ക്കറ്റുകളിലുള്ളത്. ഇവ ഖത്തറിലെ അര്‍ഹരായ നൈജീരിയന്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. നൈജീരിയന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ചാരിറ്റിയുടെ മുഹമ്മദ് അദെര്‍ദോറില്‍നിന്നും എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് നെമദിന ഔവലു ജെഗ, കോണ്‍സുലര്‍ മൂസ അബൂബക്കര്‍, നൈജീരിയന്‍ കൂട്ടായ്മയായ നിഡോ ഖത്തര്‍ പ്രസിഡന്റ് വിക്ടര്‍ ഇകോലി എന്നിവര്‍ ചേര്‍ന്ന് ഭക്ഷ്യപായ്ക്കറ്റുകള്‍ സ്വീകരിച്ചു. അര്‍ഹരായ കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഖത്തര്‍ ചാരിറ്റി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദെര്‍ദോര്‍ പറഞ്ഞു. കമ്യൂണിറ്റിയില്‍ ശരിക്കും ആവശ്യമുള്ളവരെ തിരിച്ചറിയാനാണ് ശ്രമിക്കുന്നത്. കമ്യൂണിറ്റി നേതാക്കളുടെ സഹായത്തോടെ ആവശ്യമുള്ള കേസുകള്‍ തിരിച്ചറിഞ്ഞ് പായ്ക്കറ്റുകള്‍ അവര്‍ക്ക് കൈമാറും. സമൂഹത്തെ പിന്തുണക്കുന്നതില്‍ ഖത്തര്‍ ചാരിറ്റിയുടെ ശ്രമങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് എംബസി അധികൃതര്‍ പറഞ്ഞു. 11,000ലധികം നൈജീരിയക്കാരാണ് ഖത്തറിലുള്ളത്. നൈജീരിയയില്‍ ഖത്തര്‍ ചാരിറ്റിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ ഇരുപതോളം എംബസികള്‍ക്ക് ഖത്തര്‍ ചാരിറ്റി സഹായമെത്തിച്ചു. 7000 ഭക്ഷ്യ പായ്ക്കറ്റുകളാണ് വിതരണം ചെയ്തത്. 28000 പേര്‍ക്ക് പ്രയോജനം ലഭിക്കും. ഭക്ഷ്യ പാക്കേജുകള്‍ ലഭിച്ച എംബസികളില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇന്ത്യ, സിറിയ, ടുണീഷ്യ, അള്‍ജീരിയ, കെനിയ, ഉഗാണ്ട, എത്യോപ്യ എന്നിവ ഉള്‍പ്പെടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റമദാനില്‍ 1.34 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് ക്യു ആര്‍ സി എസ്

ജനങ്ങളുടെ സുരക്ഷ: അമീറിന്റെ നിലപാട് പ്രശംസനീയമെന്ന് ചൈന