ദോഹ: ഖത്തറില്‍ കടബാധിതര്‍ക്കും മാനുഷികദുരിതങ്ങളില് പ്രയാസം നേരിടുന്നവര്‍ക്കും കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഖത്തര്‍ ചാരിറ്റി. ദുരിതങ്ങള്‍ നേരിടുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി അല്അഖ്റബൂന്’ എന്ന പേരിലാണ് ഖത്തര്‍ ചാരിറ്റി പുതിയ കാമ്പയിന് തുടക്കംകുറിച്ചിരിക്കുന്നത്. അല്‍ അഖ്റബൂന്‍ ആപ്പും ഖത്തര്‍ ചാരിറ്റി സജ്ജമാക്കിയിട്ടുണ്ട്. വിശുദ്ധ റമദാനോടനുബന്ധിച്ചു കൂടിയാണ് ഇത്തരമൊരു നൂതനസംരംഭം.
കടബാധ്യതകളെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്നവര്‍ക്കും മറ്റു മാനുഷിക പ്രയാസങ്ങളുള്ളവര്‍ക്കും സഹായം ലഭ്യമാക്കുന്നതിനാണ് കാമ്പയിനെന്നും ആകെ നൂറു മില്യണ്‍ റിയാല്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഖത്തര്‍ ചാരിറ്റി അറിയിച്ചു. ഖത്തറിലെ സഹായമനസ്കരുടെ പിന്തുണയോടെയാണ് അല്അഖ്റബൂന് നടപ്പാക്കുന്നത്. ഖത്തര്‍ ചാരിറ്റിയുടെ റമദാന് കാമ്പയിനായ ‘പ്രതീക്ഷയുടെ റമദാന്’ എന്ന പദ്ധതിയുടെ ഭാഗം കൂടിയാണിത്. വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തപ്പെട്ട വനിതകള്‍, രോഗികള്‍, നിര്‍ധനരായ കുടുബങ്ങള്‍ എന്നിവര്‍ക്ക് സഹായത്തിനായി അപേക്ഷിക്കാം. ഇതിനായി അല്അഖ്റബൂന് ആപ്പ് സന്ദര്‍ശിക്കണം.
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ആപ്പിലുണ്ട്. ആന്‍േഡ്രായിഡ്, ആപ്പിള്‍ സ്റ്റോറുകളില്‍ അല്അഖ്റബൂന് (Alaqraboon) ആപ്പ് ഇംഗ്ലീഷ്, അറബ് ഭാഷകളില്‍ ലഭ്യമാണ്. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം ഖത്തര്‍ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തശേഷമാണ് തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. https://www.qcharity.org/en/qa എന്ന ഖത്തര്‍ ചാരിറ്റിയുടെ വെബ്സൈറ്റില്‍ ‘ഇനീഷ്യറ്റീവ്സ് ആന്റ് പ്രോഗ്രാംസ്’ വിന്ഡോവില് Alaqraboon എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.