
ദോഹ: അര്‍ഹരായ ടാന്‍സാനിയന്‍ സ്വദേശികള്‍ക്ക് ഭക്ഷ്യസഹായവുമായി ഖത്തര്‍ ചാരിറ്റി. ഇതിന്റെ ഭാഗമായി ടാന്‍സാനിയന്‍ എംബസിയില്‍ ഭക്ഷണപായ്ക്കറ്റുകള്‍ എത്തിച്ചു. 200 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പഞ്ചസാര, പാചകയെണ്ണ, അരി, ഉപ്പ്, ധാന്യം, പാസ്ത, ബീന്‍സ് എന്നിവ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളാണ് ഭക്ഷ്യപായ്ക്കറ്റുകളിലുള്ളത്. ഇവ ഖത്തറിലെ അര്‍ഹരായ ടാന്‍സാനിയന്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങിയതായി ഖത്തറിലെ ടാന്‍സാനിയന്‍ അംബാസഡര്‍ ഫാത്തിമ മുഹമ്മദ് റജബ് പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് ഭക്ഷണം ആവശ്യമുള്ളവരെ തിരിച്ചറിയാന്‍ ടാന്‍സാനിയന്‍ സമൂഹവുമായി ചേര്‍ന്ന് എംബസി പ്രവര്‍ത്തിക്കുന്നുണ്ട്. ടാന്‍സാനിയന്‍ സമൂഹത്തെ പിന്തുണക്കുന്നതില് ഖത്തര്‍ ചാരിറ്റിയുടെ ശ്രമങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു.
നിലവില്‍ 3000ത്തോളം ടാന്സാനിയക്കാര് ഖത്തറില്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ട്. ബാങ്കിങ്, പോലീസ്, പ്രതിരോധം, നിര്‍മാണം തുടങ്ങിയ നിരവധി മേഖലകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ടാന്‍സാനിയയിലെ ദാറുസ്സലാമില്‍ ഖത്തര്‍ ചാരിറ്റിയുടെ ശാഖ തുറക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ഖത്തര്‍ ചാരിറ്റിയുമായും ഖത്തര്‍ സര്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇതു സഹായകമാകുമെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഖത്തറിലെ ഒട്ടേറെ എംബസികള്‍ക്ക് ഭക്ഷണം എത്തിച്ചതായും കൂടുതല്‍പേര്‍ക്ക് വിതരണം ചെയ്യുമെന്നും ഖത്തര്‍ ചാരിറ്റി അധികൃതര്‍ അറിയിച്ചു.