
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ റമദാന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി വൊഡാഫോണ്‍ ഖത്തര്‍. റമദാനില്‍ അര്‍ഹരായവരെ സഹായിക്കുന്നതിനായുള്ള ഫുഡ് ബാസ്‌ക്കറ്റ് പ്രോഗ്രാമിനെ പിന്തുണക്കുന്നതിനായി 1.40 ലക്ഷം റിയാലാണ് വൊഡാഫോണ്‍ സംഭാവന നല്‍കിയത്. വൊഡാഫോണ്‍ ഖത്തര്‍ നടപ്പാക്കുന്ന റമദാന്‍ കാമ്പയിന്‍ മുഖേനയാണ് ഫണ്ട് സമാഹരിക്കുന്നത്. നൂറുകണക്കിനുപേര്‍ ഈ കാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്. വൊഡാഫോണിന്റെ പുതിയ ”സാവ” ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുഖേന ക്വിസ്സുകളും ദൈനംദിന വെല്ലുവിളി മത്സരങ്ങളും നടത്തിവരുന്നു. സാവ മുഖേന ശേഖരിക്കുന്ന ഓരോ നൂറു പോയിന്റുകളും ഒരു ഖത്തര്‍ റിയാല്‍ സംഭാവനക്ക് തുല്യമാണ്. ഇങ്ങനെ സമാഹരിക്കുന്ന തുക ഓരോ ആഴ്ചയും പ്രാദേശിക ചാരിറ്റി സംരംഭത്തെ പിന്തുണക്കുന്നതായി ലഭ്യമാക്കുന്നു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പുണ്യ മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രധാനമാണെന്ന് വൊഡാഫോണ്‍ ഖത്തര്‍ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ ഖാമിസ് അല്‍നഈമി പറഞ്ഞു. ദീര്‍ഘകാല പങ്കാളിയായ ഖത്തര്‍ ചാരിറ്റിയെ പിന്തുണക്കാനാകുന്നതില്‍ സന്തോഷമുണ്ട്. സംഭാവന നല്‍കാന്‍ കഴിയുന്ന വിഘത്തില്‍ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചതിന് സാവ പ്ലാറ്റ്‌ഫോമില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദഹം പറഞ്ഞു. ഒരുമിച്ച് നല്ലത് ചെയ്യാന്‍ ഇനിയും കൂടുതല്‍ അവസരങ്ങളുണ്ട്. കൂടുതല്‍പേര്‍ പങ്കുചേര്‍ന്ന് ഈ കാമ്പയിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.