
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ ചാരിറ്റി റമദാന്‍ പദ്ധതികള്‍ക്ക് തുടക്കമായി.വിവിധ രാജ്യങ്ങളിലായി 24 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. തുര്‍ക്കി, സുഡാന്‍, കിര്‍ഗിസ്താന്‍ എന്നിവയുള്‍പ്പടെ ലോകമെമ്പാടുമായി 30 രാജ്യങ്ങളില്‍ വ്രതമെടുക്കുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കല്‍ പദ്ധതിക്കായി 16 മില്യണ്‍ റിയാല്‍ ചെലവഴിക്കും. ഖത്തറിനു പുറത്തു നടപ്പാക്കുന്ന ഫീഡ്് എ ഫാസ്റ്റിങ് പേഴ്‌സണ്‍ പദ്ധതിയുടെ പ്രയോജനം 4,24,396 പേര്‍ക്ക് ലഭിക്കും.
തുര്‍ക്കിയില്‍ പ്രധാന മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് ഖത്തര്‍ ചാരിറ്റി റെഡി ടു ഈറ്റ് ഇഫ്താര്‍ പായ്ക്കറ്റുകളുടെ വിതരണം തുടങ്ങിയിട്ടുണ്ട്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വലിയതോതില്‍ ആതിഥ്യമേകുന്ന മുനിസിപ്പാലിറ്റികള്‍, അഹിന്‍ബെ, ഉസ്‌കുദര്‍ മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലാണ് വിതരണം തുടങ്ങിയത്. സിറിയന്‍ അഭയാര്‍ഥികളും തുര്‍ക്കി ജനതയുമടക്കം ഒരു ലക്ഷത്തിലധികം നോമ്പുകാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം അവരുടെ വീടുകളില്‍ എത്തിക്കാനാണ് ഖത്തര്‍ ചാരിറ്റി ലക്ഷ്യമിടുന്നത്. സിറിയക്കുള്ളിലെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്കും ഭക്ഷ്യബാസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ജോലി നഷ്ടപ്പെട്ടവര്‍, അനാഥര്‍, 65 വയസ്സിനു മുകളിലുള്ളവര്‍ തുടങ്ങി ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ഖത്തര്‍ ചാരിറ്റി സുഡാനിലെ ഓഫീസ് മുഖേന ഉംദുര്‍മാന്‍ നഗരത്തിലെ ഗ്രാമപ്രദേശത്ത് 2,000 പേര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങി. 6,60,793 റിയാലാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. 24,475 പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍ധനരായ കുടുംബങ്ങളെയും പാവപ്പെട്ട അനാഥരെയും പ്രത്യേക ആവശ്യങ്ങളുള്ളവരെയും ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കയിലെ അര്‍ഹരായ വിദ്യാര്‍ഥികളെയും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഖത്തര്‍ ചാരിറ്റി സുഡാന്‍ ഓഫീസ് ഡയറക്ടര്‍ ഹുസൈന്‍ കര്‍മാഷ് പറഞ്ഞു. സഹായം ലഭിക്കുന്നതില്‍ ഗുണഭോക്താക്കള്‍ സന്തോഷം പ്രകടിപ്പിച്ചു. റമദാന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ദുര്‍ബല വിഭാഗങ്ങളെ പിന്തുണച്ചതിന് ഖത്തറിലെ കാരുണ്യമനസ്‌കര്‍ക്ക് നന്ദി അറിയിച്ചു.