
ആര് റിന്‍സ്
ദോഹ
സ്്ക്വാഷിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന ഖത്തര്‍ ക്ലാസിക് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്ക്വാഷ് കോംപ്ലക്സില്‍ നടക്കും. ഖത്തര്‍ ടെന്നീസ്, സ്ക്വാഷ് ആന്റ് ബാഡ്മിന്റണ്‍ ഫെഡറേഷനാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള സാങ്കേതികമായ എല്ലാ ഒരുക്കങ്ങളും സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിപുലമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ താരിഖ് സെയ്നല്‍ പറഞ്ഞു. ഏറ്റവും സുരക്ഷിതവും തടസരഹിതവുമായ ടൂര്‍ണമെന്റാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എ വേള്‍ഡ് സീരീസ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഖത്തര്‍ ക്ലാസിക്ക് സംഘടിപ്പിക്കുന്നത്. സൂപ്പര്‍ പ്ലാറ്റിനം ടൂര്‍ണമെന്റായി ഖത്തര്‍ ക്ലാസിക് മാറിയിട്ടുണ്ട്. സ്ക്വാഷിലെ മുന്‍നിര പുരുഷതാരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തുന്നത്. വന്‍തുകയാണ് സമ്മാനത്തുക. പിഎസ്എ റോഡ് ടു ദുബൈയില്‍ കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കാനും അവസരം ലഭിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്കു മാത്രമെ സീസണ് അവസാനമായ പിഎസ്എ വേള്‍ഡില്‍ മത്സരിക്കാനാകു. ലോക ചാമ്പ്യനും ലോക ഒന്നാംനമ്പര്‍ താരവുമായ ഈജിപ്തിന്റെ അലി ഫരാഗ്, രണ്ടാംറാങ്ക് താരം മുഹമ്മദ് അല്ശര്ബാഗി എന്നിവരുടെ സാന്നിധ്യം ഇത്തവണത്തെ മത്സരത്തിനുണ്ടാകും. 2016ലെ ഖത്തര്‍ ക്ലാസിക്ക് ചാമ്പ്യനും ലോക മൂന്നാംറാങ്ക് താരവുമായ കരിം അബ്ദുല്‍ ഗവാദ്, ലോക നാലാം റാങ്ക് താരവും 2017ലെ റണ്ണര്‍അപ്പുമായ താരിഖ് മുഅമന്, അഞ്ചാംറാങ്ക് താരം പൗള്‍ കോള്‍ എന്നിവരും ചാമ്പ്യന്‍ഷിപ്പിന്റെ ആവേശം വര്‍ധിപ്പിക്കുന്നു. ആറാം സീഡ് അര്‍ജന്റീനയുടെ ഡീഗോ ഏലിയാസ്, ഏഴാം സീഡ് മര്‍വന്‍ അല്ശര്ബാഗി, എട്ടാം സീഡ് സൈമണ്‍ റോസ്നര്‍. 2005ലെ ചാമ്പ്യനുമായ ജെയിംസ് വില്‍സ്ട്രോപ്പ്, 2011ലെ ചാമ്പ്യന്‍ ഫ്രാന്‍സിന്റെ ഗ്രിഗറി ഗൗട്ടിയര്‍ തുടങ്ങിയവരും ടൂര്‍ണമെന്റിനെത്തുന്നുണ്ട്. സ്ക്വാഷിലെ ഈജിപ്തിന്റെ സമഗ്രാധിപത്യം ഇത്തവണയും ഖത്തറില്‍ പ്രകടമാകും. ലോക റാങ്കിങിലെ ആദ്യ നാലു സ്ഥാനക്കാരും ഏഴാം സ്ഥാനത്തും ഈജിപ്ഷ്യന്‍ താരങ്ങളാണ്. അവരെല്ലാം ഖത്തറില്‍ മത്സരിക്കാനെത്തുന്നുണ്ട്. ഇന്ത്യയുടെ നാല് താരങ്ങളാണ് ഖത്തര്‍ ക്ലാസിക്കില്‍ സാന്നിധ്യമറിയിക്കുന്നത്. ലോക 13-ാം റാങ്ക് താരം സൗരവ് ഘോഷാല്‍, 43-ാം റാങ്ക് താരം വിക്രം മല്‍ഹോത്ര, 47-ാം റാങ്ക് താരം മഹേഷ് മംഗോന്കര്, 51-ാം റാങ്ക് താരം റാമിത് ടണ്ടന് എന്നിവരാണ് ഇന്ത്യന്‍ സാന്നിധ്യം. ഇതില്‍ സൗരവ് ഘോഷാലിന് ആദ്യറൗണ്ടില്‍ ബൈ ലഭിച്ചിട്ടുണ്ട്. ദേശീയ സ്ക്വാഷ് ചാമ്പ്യന്‍ അബ്ദുല്ല അല്തമീമിയിലും സയീദ് അസ് ലന് അംജദിലുമാണ് ഖത്തറിന്റെ പ്രതീക്ഷ. പ്രൊഫഷണല്‍ സ്ക്വാഷ് അസോസിയേഷന്റെ(പിഎസ്എ) ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 27-ാം സ്ഥാനത്താണ് ഖത്തര്‍ താരം.
അല്തമീമിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങിനു പുറമെ ഗള്‍ഫ് മേഖലയില്‍ സ്ക്വാഷില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ് നേടുന്ന താരമെന്ന ഖ്യാതിയും അല്‍തമീമി നേരത്തെ സ്വന്തമാക്കിയിരുന്നു. പിഎസ്എ മലേഷ്യന്‍ ഓപ്പണ്‍ സ്ക്വാഷ് കിരീടനേട്ടം ഉള്‍പ്പടെ സ്വന്തമാക്കിയ അല്തമീമിക്ക് സ്വന്തംനാട്ടുകാരുടെ മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്. പാക് സ്വദേശി സയിദ് അസ്ലന് അംജദാണ് ഖത്തറിനായി മത്സരിക്കുന്ന മറ്റൊരു താരം. ലോകറാങ്കിങില്‍ 112-ാം സ്ഥാനത്തുള്ള അംജദിന് ഖത്തര്‍ ക്ലാസിക്കില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കുകയായിരുന്നു.