
ദോഹ: ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ(ക്യുഎന്‍ടിസി) ലൈസന്‍സുള്ള 90 ശതമാനത്തിലധികം ഹോട്ടലുകളും ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ രാജ്യത്തെ ഹോട്ടലുകളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഖത്തര്‍ ക്ലീന്‍.
സന്ദര്‍ശകരെ വീണ്ടും സ്വാഗതം ചെയ്യാന്‍ ടൂറിസം മേഖലയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടപ്പാക്കുന്നത്. എല്ലാ ഹോട്ടല്‍ സ്ഥാപനങ്ങളും പാലിക്കേണ്ട സ്റ്റെറിലൈസേഷന്‍, അണുവിമുക്തമാക്കല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഹോസ്പിറ്റാലിറ്റി തൊഴിലാളികളുടെയും അതിഥികളുടെയും സുരക്ഷ പരിരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം നടപ്പാക്കുന്നതില്‍ രാജ്യത്തെ ഹോട്ടലുകള്‍ പുലര്‍ത്തുന്ന പ്രതിജ്ഞാബദ്ധതയെ ക്യുഎന്‍ടിസി പ്രശംസിച്ചു.
അതിഥികള്‍ക്ക് സുരക്ഷിതമായ അനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമായ ആവശ്യകതകള്‍ നിറവേറ്റുന്ന ഹോട്ടലുകള്‍ക്കാണ് ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും ഖത്തര്‍ സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും സുരക്ഷിതമായ ടൂറിസം അനുഭവം നല്‍കാനുമുള്ള ക്യുഎന്‍ടിസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. കോവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതില്‍ തുടര്‍ച്ചയായ വിജയം ഉറപ്പാക്കുന്നതിനും ഖത്തറിലെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഹോട്ടലുകളെയാണ് ഉള്‍പ്പെടുത്തിയതെങ്കില്‍ രണ്ടാംഘട്ടത്തില്‍ രാജ്യത്തെ ലൈസന്‍സുള്ള എല്ലാ റെസ്റ്റോറുകളിലേക്കും വ്യാപിപ്പിക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകരെ തിരികെ സ്വാഗതം ചെയ്യുന്നതിനായി വിവിധ പങ്കാളികളുമായി സഹകരിച്ച് ക്യുഎന്‍ടിസി നടപ്പാക്കുന്ന വിവിധ സംരംഭങ്ങളിലൊന്നാണ് ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന ഹോട്ടലുകള്‍ക്കായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. ഓരോ ഹോട്ടല്‍ സൗകര്യവും ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം മാനേജരെ നിയമിക്കണം. ജീവനക്കാരുടെ പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുകയെന്നതും പ്രോഗ്രാം ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതും ഈ മാനേജരുടെ ഉത്തരവാദിത്വമാണ്. പരിപാടിയുടെ ഭാഗമായി, ഹോട്ടലുകള്‍ അവരുടെ സൗകര്യങ്ങള്‍ ദിവസവും അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്യണം. എല്ലാ മുറികളിലും അണുനാശിനി ഉപയോഗിക്കണം. എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, വാട്ടര്‍ ടാങ്കുകള്‍, ടോയ്ലറ്റുകള്, അതിഥി മേഖലകള്‍, സ്വീകരണ ഹാളുകള്‍, ലോബികള്‍ എന്നിവയെല്ലാം തുടര്‍ച്ചയായി അണുവിമുക്തമാക്കണം. ഒരേ സമയം ഒന്നിലധികം അതിഥികള്‍ എലിവേറ്ററുകള്‍ ഉപയോഗിക്കുന്നത് അനുവദനീയമല്ല. അതിഥികളുമായുള്ള സമ്പര്‍ക്കം കുറക്കുന്നതിന്, ഹോട്ടലുകള്‍ ചെക്ക്-ഇന്‍ ചെയ്യുന്നതിനും ചെക്ക് ഔട്ട് ചെയ്യുന്നതിനുമായി മൊബൈല്‍ അല്ലെങ്കില്‍ മറ്റ് സമ്പര്‍ക്ക രഹിത നടപടിക്രമങ്ങള്‍ സ്വീകരിക്കണം. അതേസമയം വ്യക്തികള്‍ക്കിടയില്‍ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും ദൂരം നിലനിര്‍ത്തുന്നതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കണം. ഹോട്ടലുകള്‍ എല്ലാ ജീവനക്കാര്‍ക്കും അവരുടെ ഷിഫ്റ്റിന്റെ ആരംഭത്തില്‍തന്നെ ശരീരതാപനില പരിശോധിക്കണം. വിതരണക്കാരെയും അതിഥികളെയും താപപരിശോധനക്ക് വിധേയരാക്കണം.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റണം. ക്യുഎന്‍ടിസി, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയില്‍നിന്നുള്ള സംയുക്ത സമിതി ഹോട്ടലുകളും സൗകര്യങ്ങളും പരിശോധിക്കുകയും പ്രോഗ്രാം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. നിയമലംഘകര്‍ക്ക് പിഴ ചുമത്തും.