
ദോഹ: നവംബര്‍ 13ന് രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഖത്തര്‍ കോസ്റ്റാക്കിയെ നേരിടും. നവംബര്‍ 17ന് ഏഷ്യന്‍ കരുത്തരായ കൊറിയ റിപ്പബ്ലിക്കിനെയും ഖത്തര്‍ നേരിടും. രണ്ടു മത്സരങ്ങളും ഓസ്ട്രിയയിലായിരിക്കും. വേദി പിന്നീട് തീരുമാനിക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണ് തുടര്‍ച്ചയായ സൗഹൃദ മത്സരം. 2023 ഏഷ്യന്‍ കപ്പ്, 2022 ഖത്തര്‍ ലോകകപ്പ് എന്നിവക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ ഈ വര്‍ഷമാണ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2021ലേക്ക് നീട്ടുകയായിരുന്നു.
നേരത്തെ ഒക്ടോബര്‍ പന്ത്രണ്ടിന് തുര്‍ക്കിയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഘാനയോടു ഒന്നിനെതിരെ അഞ്ചു ഗോളിന് ഖത്തര്‍ പരാജയപ്പെട്ടിരുന്നു. കോസ്റ്റാറിക്കക്കും ദക്ഷിണകൊറിയക്കുമെതിരായ മത്സരങ്ങള്‍ ഖത്തറിനെ സംബന്ധിച്ചിടത്തോളം കടുത്തതായിരിക്കും. റാങ്കിങില്‍ ഖത്തറിനേക്കാള്‍ മുന്നിലാണ് അവര്‍. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകറാങ്കിങില്‍ 57-ാം സ്ഥാനത്താണ് ഖത്തര്‍, ഏഷ്യയില്‍ അഞ്ചാമതും. എന്നാല്‍ ദക്ഷിണകൊറിയ ലോകറാങ്കിങില്‍ 39-ാമതും ഏഷ്യയില്‍ മൂന്നാമതുമാണ്.
കോസ്റ്റാറിക്ക ലോകറാങ്കിങില്‍ 50-ാമതാണ്. ലോകകപ്പിനു മുന്നോടിയായി കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്, കോപ അമേരിക്ക ഉള്‍പ്പടെയുള്ള ചാമ്പ്യന്‍ഷിപ്പുകളും സൗഹൃദ മത്സരങ്ങളും കളിക്കുന്നത് ഖത്തറിന് ഗുണകരമായിരിക്കുമെന്ന് പരിശീലകന് ഫെലിക്സ് സാഞ്ചസ് പറഞ്ഞു.