in ,

ഖത്തറില്‍ വിദേശ തൊഴിലാളികളുടെ പ്രതിമാസ ചെലവ് 30 ശതമാനം കുറക്കാന്‍ നിര്‍ദ്ദേശമെന്ന് ബ്ല്യൂംബെര്‍ഗിനെ ഉദ്ധരിച്ച് അല്‍ജസീറ

ബ്ലൂംബെര്‍ഗ് പ്രതിനിധി സിമോണ്‍ ഫോക്‌സ്മാന്റെ റിപ്പോര്‍ട്ട് അല്‍ജസീറ പ്രസിദ്ധീകരിച്ചപ്പോള്‍
  • വേതനം വെട്ടിക്കുറക്കുകയോ പിരിച്ചുവിടുകയോ ചെയ്യും
  • ജൂണ്‍ 1 മുതല്‍ തീരുമാനം നടപ്പിലായെന്ന് വിലയിരുത്തല്‍
  • ചെലവു ചുരുക്കലുമായി ഒമാന്‍, യുഎഇ, കുവൈത്ത്

ദോഹ: സര്‍ക്കാര്‍ മേഖലയില്‍ വിദേശ ജീവനക്കാരുടെ പ്രതിമാസ ചെലവ് 30 ശതമാനം കുറക്കാന്‍ ഖത്തര്‍ ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ പിരിച്ചുവിടലിനും വേതനം വെട്ടിക്കുറക്കലിനും വഴിതുറക്കുന്നതാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. ബുധനാഴ്ച പ്രവൃത്തി സമയത്തിനു ശേഷം ബന്ധപ്പെട്ടതിനാല്‍ ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്നും അല്‍ജസീറ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊറോണ വൈറസ് മഹാമാരിയുടെ ആഘാതത്തെ നേരിടാന്‍ സ്വദേശി ഇതര ജീവനക്കാരുടെ വേതന ചെലവ് കുറക്കാനാണ് നിര്‍ദേശം. ജൂണ്‍ ഒന്നു മുതല്‍ ഖത്തരി ഇതര ജീവനക്കാരുടെ പ്രതിമാസ ചെലവ് 30% കുറയ്ക്കാന്‍ മന്ത്രാലയങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേശീയ ധനസഹായമുള്ള വിവിധ സ്ഥാപനങ്ങള്‍ എന്നിവക്കാണ് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വേതനം വെട്ടിക്കുറക്കുകയോ രണ്ട് മാസത്തെ അറിയിപ്പ് നല്‍കി പിരിച്ചുവിടുകയോ ആണ് ചെയ്യേണ്ടത്.

കോവിഡിനു പുറമെ ഊര്‍ജ്ജവിലയിടിവും

മഹാമാരി പ്രാദേശിക സമ്പദ്ഘടനയില്‍ ആഘാതം ചെലുത്തിയതിനു പുറമെ ഊര്‍ജവിലയിലെ ഇടിവും ഗള്‍ഫ് രാജ്യങ്ങളുടെ ഖജനാവിനെ സ്വാധീനിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളും ചെലവു ചുരുക്കിയും കടപ്പത്രം പുറപ്പെടുവിച്ചും വിടവ് നികത്തുകയാണ്. 2022ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തര്‍ ഏപ്രിലില്‍ പത്തു ബില്യണ്‍ ഡോളറാണ് കടപ്പത്രത്തിലൂടെ സ്വരൂപിച്ചത്. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളെല്ലാം പ്രവാസി ജീവനക്കാരെ ലക്ഷ്യമിട്ട് ചെലവുചുരുക്കല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം പ്രവാസികളുടെ ജോലിയും വേതനവും വെട്ടിക്കുറക്കുന്നത് ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊഴില്‍ക്ഷാമത്തിനു പുറമെ ഉപഭോക്തൃ ചെലവുകളെയും ബാധിക്കും. രാജ്യത്തിന്റെ ആകെ തൊഴില്‍ശക്തിയുടെ 95ശതമാനവും പ്രവാസികളാണ്. ഖത്തറിലെ ജനസംഖ്യയുടെ ഏകദേശം പത്തുശതമാനം പേര്‍ പുറത്തേക്കുപോകാന്‍ സാധ്യതയുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കോണിമിക്‌സ് ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സില്‍ മാത്രം ആയിരക്കണക്കിന് വിദേശികളാണ് ജോലി ചെയ്യുന്നത്. 2019 മാര്‍ച്ച് 31വരെയുള്ള കണക്കുകള്‍ പ്രകാരം 47,000 പേരാണ് ഖത്തര്‍ എയര്‍വേയ്‌സില്‍ ജോലി ചെയ്യുന്നത്. ഖത്തര്‍ പെട്രോളിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഒട്ടേറെ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. ഖത്തര്‍ പെട്രോളിയവും ഖത്തര്‍ എയര്‍വേയ്‌സും ഇതിനോടകം തന്നെ തൊഴില്‍ വെട്ടിക്കുറക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രവാസി ജീവനക്കാരുടെ വേതന ബജറ്റുകള്‍ വെട്ടിക്കുറച്ചതിനു പുറമെ ചില ആനുകൂല്യങ്ങളും ധനമന്ത്രാലയം നിര്‍ത്തിവച്ചു. അവയില്‍ ചിലത് ഖത്തരി ഇതര ഉദ്യോഗസ്ഥരെയും ബാധിക്കും. വിവാഹങ്ങള്‍ക്ക് ഒഴികെ മുന്‍കൂര്‍ തുക അനുവദിക്കല്‍ നിര്‍ത്തി. ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ കാലയളവിന്റെ തുടക്കത്തിലോ അവസാനത്തിലോ അനുവദിച്ചിട്ടില്ലെങ്കില്‍, അവധിക്കാലത്തിനും ടിക്കറ്റിനും പകരമായി ജീവനക്കാര്‍ക്ക് പ്രമോഷനുകളും ക്യാഷ് അലവന്‍സും നിര്‍ത്താനും ഉത്തരവിട്ടതായി റിപ്പോര്‍ട്ടിലുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂണ്‍ 11) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ദായേന്‍ മുനിസിപ്പാലിറ്റി ഭക്ഷ്യശാലകളിലെ പരിശോധന ഊര്‍ജിതപ്പെടുത്തി