in ,

ഖത്തറില്‍ 19 വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന 19 വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഇവര്‍ വീടുകളില്‍ ക്വാറന്റൈനിലിരുന്നാല്‍ മതിയാകും. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനം ജനുവരി 24 ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകും. ഖത്തരി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരേ ദേശീയ വിലാസം പങ്കിടുന്ന യാത്രാപങ്കാളിക്കും ഇത് ബാധകമായിരിക്കും.

അതേസമയം യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്റ്, ഡെന്‍മാര്‍ക്ക് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവുകള്‍ ബാധകമല്ല. 65 വയസിനുമുകളില്‍ പ്രായമുള്ളവര്‍, അവയവ- മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍, രോഗപ്രതിരോധ തെറാപ്പി സ്വീകരിക്കുന്നവര്‍, ഹൃദ്രോഗബാധിതര്‍, മിതമായതും കഠിനമായ ആസ്ത്മയുള്ളവര്‍, കിമോ തെറാപ്പി, റേഡിയേഷന്‍ തെറാപ്പി ചികിത്സകള്‍ക്ക് വിധേയരാകുന്നവര്‍ അടക്കം അര്‍ബുദ രോഗ ചികിത്സയിലുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മാതാക്കള്‍, വൃക്ക തകരാറുമൂലം ബുദ്ധിമുട്ടുന്നവര്‍, ഡയാലിസിസ് ചികിത്സക്ക് വിധേയമാകുന്നവര്‍, വിട്ടുമാറാത്ത കരള്‍രോഗമുള്ളവര്‍, ലോവര്‍ ലിംബ് അംപ്യൂട്ടേഷന്‍സ് രോഗികള്‍, പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പിന്തുണ ആവശ്യമുള്ള വൈകല്യമുള്ളവര്‍, വികലാംഗരായ കുട്ടികളും അവരുടെ അമ്മമാരും, അപസ്മാരബാധിതര്‍, ഡയബറ്റിക് ഫൂട്ടുള്ളവര്‍, യാത്രപുറപ്പെടുന്നതിനു മുന്‍പ് പത്തുദിവസത്തിനുള്ളില്‍ അടുത്ത ബന്ധുക്കള്‍ മരണപ്പെട്ടവര്‍, മാനസിക രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍, പ്രമേഹബാധിതര്‍, രക്ഷിതാക്കളോ മാതാപിതാക്കളോ ഒപ്പമില്ലാതെ മടങ്ങിയെത്തിയ പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ ഒരാഴ്ച ഹോം ക്വാറന്റൈനിലിരുന്നാല്‍ മതിയാകും.

ഖത്തറില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളില്ലാതെ വിദേശത്ത് നിന്ന് ഒറ്റയ്ക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. അതിനാല്‍, രാജ്യത്തേക്ക് മടങ്ങുന്നതിന് മുമ്പ് ആവശ്യമായ ഹോട്ടല്‍ റിസര്‍വേഷന്‍ ഉറപ്പാക്കണം. ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയവരുടെ പട്ടികയില്‍ രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകരെ ഉള്‍പ്പെടുത്തിയിട്ടില്ല.

What do you think?

Written by Web Desk

ഖത്തര്‍ മലയാളി സമ്മേളനത്തിന് നാളെ തുടക്കം

ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3500ലധികമായി