in ,

വാക്‌സിനും രോഗപ്രതിരോധവും: ആഗോള സഖ്യത്തിന് 20 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഖത്തര്‍ അമീര്‍

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി

ദോഹ: വാക്‌സിനുകള്‍ക്കും രോഗപ്രതിരോധത്തിനുമായുള്ള ആഗോള സഖ്യത്തിന് ഖത്തര്‍ 20 മില്യണ്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ലണ്ടന്‍ വാക്‌സിന്‍ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫ്രറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വാക്‌സിനുകള്‍ ഉപയോഗിച്ച് അടുത്ത തലമുറയെ സംരക്ഷിക്കുന്നതിനും രോഗ അസമത്വം കുറക്കുന്നതിനും ആരോഗ്യകരവും സുരക്ഷിതവും സമ്പന്നവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുമായി 7.4 ബില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കുകയെന്നതാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലേക്കാണ് ഖത്തര്‍ 20 മില്യണ്‍ ഡോളറിന്റെ പിന്തുണ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനക്ക് ഖത്തറിന്റെ പിന്തുണ തുടരുമെന്നും അമീര്‍ വിശദീകരിച്ചു.

കോവിഡ് മഹാമാരി എല്ലാ തലങ്ങളിലും വെല്ലുവിളി

കോവിഡ് മഹാമാരി എല്ലാ തലങ്ങളിലും അത്യസാധാരണമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എല്ലാ മനുഷ്യവര്‍ഗത്തിനും ഭീഷണിയുമാണ്. ഫലപ്രദമായ വാക്‌സിന്റെയോ ചികിത്സയുടെയോ അഭാവത്തില്‍ പല രാജ്യങ്ങളും കമ്യൂണിറ്റികളും രണ്ടു തെരെഞ്ഞെടുപ്പുകളാണ് നടത്തേണ്ടി വരുന്നത്. രണ്ടും കയ്‌പേറിയതാണ്. ഒന്നുകില്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്ന ലോക്ക്ഡൗണുകള്‍ നടപ്പാക്കി സ്വയം പരിരക്ഷിക്കുകയെന്നതാണ്. അതല്ലെങ്കില്‍ സമ്പദ് വ്യവസ്ഥയെ ത്യജിക്കാതിരിക്കുകയെന്നതാണ്. എന്നാല്‍ അതുവഴി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ചില രാജ്യങ്ങള്‍ പകര്‍ച്ചവ്യാധിയുമായി സഹകരിച്ചും അതേസമയം അതിനെ നേരിട്ടുകൊണ്ടും വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചു. അന്താരാഷ്ട്ര സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഈ പ്രതിസന്ധി കാണിച്ചുതന്നതായി അമീര്‍ ചൂണ്ടിക്കാട്ടി.

ഉന്മൂലനം ചെയ്യാനാവശ്യം പരസ്പര ശ്രമങ്ങള്‍

ഫലപ്രദമായ വാക്‌സിനുകളും മരുന്നുകളും ഉപയോഗിച്ച് കോവിഡ് -19 ഉന്മൂലനം ചെയ്യുന്നതിനുള്ള പരസ്പര ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാവിയിലെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ തയ്യാറാകാനും ഇത് ആവശ്യമാണ്. പ്രതിസന്ധിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളോടു വേഗത്തില്‍ പ്രതികരിക്കാന്‍ ഖത്തര്‍ പരമാവധി ശ്രമിച്ചു.  പൗരന്‍മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

20-ലധികം രാജ്യങ്ങള്‍ക്ക് ഖത്തര്‍ മെഡിക്കല്‍ സഹായം; 140 ദശലക്ഷം ഡോളറിന്റെ ധനസഹായം

ഈ പരീക്ഷണ ഘട്ടത്തില്‍ മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള 20 ലധികം രാജ്യങ്ങളില്‍ മെഡിക്കല്‍ സഹായമെത്തിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തതിനൊപ്പം ഫീല്‍ഡ് ആസ്പത്രികളും സജ്ജമാക്കി. വാക്‌സിന്‍ വികസനത്തിനായും വികസ്വര രാജ്യങ്ങളില്‍ ആരോഗ്യസഹായത്തിന്റെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുമായി പ്രവര്‍ത്തിക്കന്ന ബഹുരാഷ്ട്ര ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് 140 ദശലക്ഷം ഡോളറിന്റെ ധനസഹായവും ഖത്തര്‍ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും എല്ലാ രാജ്യങ്ങള്‍ക്കും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി  ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ ക്ഷണിക്കുന്നതായും അമീര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 1581 പേര്‍ക്കു കൂടി കോവിഡ്; 1926 പേര്‍ രോഗമുക്തരായി

ഇന്നത്തെ (2020 ജൂണ്‍ 4) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…