
ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഖത്തറില്‍ ഔദ്യോഗിക സന്ദര്ശനാര്ത്ഥമെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച അമീര്‍ ഏറ്റവും അടുത്ത തീയ്യതിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശന വിശദാംശങ്ങള്‍ അറിയിക്കവെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ 2021-ലെ പ്രഥമ സംയുക്ത കമ്മീഷന് യോഗത്തിനായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും ഇന്ത്യയിലെത്തും. ഖത്തര്‍ വിദേശകാര്യമന്ത്രിക്കുള്ള ഔദ്യോഗിക ക്ഷണക്കത്തും എസ് ജയശങ്കര്‍ നേരില്‍ കൈമാറി.
കോവിഡ് കാലത്ത് ഇന്ത്യന്‍ സമൂഹത്തിന് നല്കിയ കരുതല്‍ പ്രധാനമാണെന്നും ഇതിന് ഏറെ നന്ദിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അമീറിനയച്ച സന്ദേശത്തില്‍ അറിയിച്ചു. ദ്വിദിന സന്ദര്‍ശനത്തിനെത്തിയ മന്ത്രി ജയശങ്കര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് പുറമെ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്്അസീസ് അല്‍താനി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി വളരെ വിശദമായ ചര്‍ച്ചയാണ് നടന്നത്. നിക്ഷേപ, ഊര്‍ജ്ജ രംഗത്തെ നിയുക്ത സംയുക്ത സമിതി ഇരു മേഖലയിലേയും പുരോഗതി വിലയിരുത്തി പ്രവര്‍ത്തിക്കും. വാണിജ്യ, ഭക്ഷ്യ സംസ്കരണ, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക, പ്രതിരോധ, സുരക്ഷാ മേഖലകളില്‍ പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്ത വിവിധ നയതന്ത്ര യോഗങ്ങള്‍ കൂടുതല്‍ വിപുലമായ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. നേരത്തെ ദോഹ ഷെരാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യ-ഖത്തര്‍ സംയുക്ത വാണിജ്യ വട്ടമേശാ യോഗത്തിലും ഇന്ത്യന്‍ സമൂഹവുമായുള്ള ഓണ്‍ലൈന്‍ കൂടിയാലോചനയിലും മന്ത്രി പങ്കെടുക്കുകയുണ്ടായി.
റയ്യാന്‍ സ്റ്റേഡിയവും മ്യൂസിയവും സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി

ദോഹ: ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്റ് ടി ഖത്തരി പങ്കാളിത്ത കമ്പനിയായ അല്‍ബലാഗ ഗ്രൂപ്പുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഫിഫ ലോക കപ്പ് സ്റ്റേഡിയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് സന്ദര്‍ശിച്ചു. ഈയ്യിടെ ഉദ്ഘാടനം ചെയ്യപ്പെട്ട റയ്യാനിലെ അഹ്മദ് ബിന്‍ അലി സ്റ്റേഡിയമാണ് മന്ത്രി സന്ദര്‍ശിച്ചത്. ഖത്തര്‍ ഫിഫ ലോക കപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന് അല്‍തവാദി ഉപഹാരം കൈമാറി. ഖത്തര്‍ ദേശീയ മ്യൂസിയവും മന്ത്രിയും ഇന്ത്യന്‍ പ്രതിനിധി സംഘവും സന്ദര്‍ശിക്കുകയുണ്ടായി.