
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക രംഗത്തെ ശ്രദ്ധേയനുമായ തൂണേരിയിലെ എം ടി കെ അഹ്്മദിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പൊലീസ്-ഗുണ്ടാ മാഫിയ കൂട്ടുകെട്ടുണ്ടെന്ന സംശയമാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും യഥാര്‍ത്ഥ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ധ്രുതഗതിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, ഡി ജി പി, എസ് പി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഖത്തര്‍ കെ എം സി സി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി. കാണാതായി എന്ന പേരില്‍ പ്രഥമ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നത് പൊലീസ് അന്വേഷണത്തെ എങ്ങിനെ കാണുന്നുവെന്നതിന് തെളിവാണ്. പട്ടാപ്പകല്‍ ഒരാളെ റോഡില്‍ വെച്ച് തട്ടിക്കൊണ്ടുപോയിട്ടും ഇതേവരെ യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് കൈമലര്‍ത്തുകയാണ് പൊലീസ്. അന്വേഷണം എന്തുകൊണ്ടാണ് ഊര്‍ജ്ജിതമാക്കാത്തത് എന്ന കാര്യം സംശയകരമാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, ഡി ജി പി, എസ് പി എന്നിവര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുമെന്ന് ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം പ്രസിഡന്റ് ഉബൈദ് കുമ്മങ്കോട്, ജനറല്‍സെക്രട്ടറി ശംസുദ്ദീന്‍ വാണിമേല്‍, ട്രഷറര്‍ അനീസ് നരിപ്പറ്റ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.