in

തൃശൂരില്‍ നിന്ന് ലഡാക്കിലേക്ക് വീല്‍ചെയറില്‍ യാത്ര ചെയ്ത് ഖത്തര്‍ പ്രവാസി ഇസ്മായില്‍

തൃശൂരില്‍ നിന്ന് വീല്‍ചെയറില്‍ ലഡാക്കിലക്കുള്ള യാത്രക്കിടെ ഇസ്മായില്‍ ഷിംലയിലെത്തിയപ്പോള്‍

ദോഹ: തൃശൂരില്‍ നിന്ന് ലഡാക്കിലേക്ക് വീല്‍ചെയറില്‍ യാത്ര ചെയ്ത് ഖത്തര്‍ പ്രവാസിയും ചെന്ത്രാപ്പിന്നി സ്വദേശിയായ ഇസ്മായില്‍. കോയമ്പത്തൂരിലേക്ക് ഒറ്റദിവസത്തെ യാത്രക്കാണ് പുറപ്പെടുന്നതെന്ന് കളവും പറഞ്ഞ് ഈ മാസം മൂന്നിനാണ് ഇസ്മായില്‍ വീട്ടില്‍ നിന്നും പുറപ്പെട്ടത്. ഖത്തര്‍ ഡിസൈന്‍ കണ്‍സോര്‍ഷ്യം കമ്പനിയിലെ ക്വാണ്ടിറ്റി സര്‍വെയറായ ഇസ്മായില്‍ യാത്രക്കിടെ വിദൂരമായി ജോലിയും ചെയ്യുന്നുണ്ടായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ആദ്യം ചെന്നൈയിലേക്കായിരുന്നു. രണ്ടുദിവസം തമിഴ്‌നാട് ചുറ്റിസഞ്ചരിച്ചശേഷം ബസില്‍ ഹൈദരാബാദിലെത്തി ചാര്‍മിനാറും പാലസും, മറ്റു സ്ഥലങ്ങളുമെല്ലാം വീല്‍ ചെയറിലും ഓട്ടോയിലുമായി സന്ദര്‍ശിച്ചു. തുടര്‍ന്ന് ട്രെയിനില്‍ മാലിഗോണ്‍ വഴി ഗ്വാളിയാറിലും പിന്നീട് ആഗ്രയിലുമെത്തി.

വീല്‍ചെയര്‍ യാത്രക്കിടെ ഷിംലയില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ കണ്ടുമുട്ടിയപ്പോള്‍

റെഡ് ഫോര്‍ട്ടും, ആഗ്ര ജുമാ മസ്ജിദും താജ്മഹലും ഡല്‍ഹി ജുമാ മസ്ജിദുമെല്ലാം സന്ദര്‍ശിച്ചശേഷം യാത്ര ഛണ്ഡീഗഡില്‍. ഷിംലയിലെ മനോഹരമായ കൊടുമുടികളും കണ്ടു. ഇതിനിടെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ അടുത്തെത്തി. യാത്ര വിവരങ്ങള്‍ ചോദിച്ചറിയകയും ആശംസിക്കുകയും ചെയ്തു. അവിടെനിന്നും മണാലിയും തുടര്‍ന്ന് ലഡാക്കുമാണ് യാത്രാലക്ഷ്യം. ആരോഗ്യ സ്ഥിതിയും കോവിഡുമൊക്കെയായതിനാല്‍ ദീര്‍ഘയാത്രക്ക് സമ്മതിക്കില്ലെന്നറിയാമായതിനാലാണ് വീട്ടില്‍ കള്ളം പറയേണ്ടിവന്നതെന്ന് ഇസ്മായില്‍ പറയുന്നു. 22ാം വയസ്സില്‍ ഖത്തറില്‍ എത്തിയ ഇസ്മായിലിന് അപ്രതീക്ഷിതമായ ഒരു അപകടത്തില്‍ പെട്ട് നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും അരയ്ക്ക് താഴെ ചലനം നഷ്ടപ്പെടുകയുമായിരുന്നു.

എട്ടു വര്‍ഷമായി വീല്‍ ചെയറിലാണ് യാത്രകളും സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും. 2019ല്‍ നടന്ന ലോക യൂത്ത് ഒളിംപിക്സിനു വളണ്ടിയറായി ഖത്തറില്‍ നിന്നും സ്വിറ്റ്സര്‍ലന്റില്‍ പോയിട്ടുണ്ട്. ഖത്തറില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്, വേള്‍ഡ് അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് തുടങ്ങിയ പ്രധാന കായിക മത്സരങ്ങളിലെല്ലാം വൊളന്റിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖത്തര്‍ ഒളിമ്പിക്ക് കമ്മിറ്റി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ ഡയബറ്റിക് സെന്റര്‍, ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി, ഖത്തര്‍ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ എന്നിവയിലെല്ലാം വോളന്‍ിയറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷമായി ഖത്തര്‍ റെഡ് ക്രസെന്റ് വോളന്റീയര്‍ ആയ ഇസ്മായിലിനു 2018ലെ മികച്ച സന്നദ്ധപ്രവര്‍ത്തകനുള്ള ഖത്തര്‍ റെഡ്ക്രസന്റ് അംഗീകാരം ലഭിച്ചു. 2017ല്‍ ഖത്തറില്‍ നടന്ന ഹാന്‍ഡ് ബോള്‍, ടേബിള്‍ ടെന്നീസ്, മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു രണ്ടാം സ്ഥാനം നേട. ഉരീദു മാരത്തോണ്‍, ദോഹ ബാങ്ക് ഗ്രീന്‍ റണ്‍ എന്നിവയിലും തന്റെ വീല്‍ ചെയറില്‍ ഇരുന്ന് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ ഭിന്ന ശേഷിക്കാരായവര്‍ക്ക് വേണ്ടിയുള്ള സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലൈസന്‍സില്ലാതെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍: പ്രവാസി അറസ്റ്റില്‍; വിദേശകറന്‍സികളും ആഡംബര കാറുകളും പിടിച്ചെടുത്തു

ഖത്തറിലെ പൊതുഗതാഗത സേവനങ്ങള്‍ ഇനി സില ബ്രാന്‍ഡിനു കീഴില്‍