
ദോഹ: ഖത്തര്‍ ദേശിയ ഫുട്‌ബോള്‍ ടീമിന്റെ ഹോം, എവേ മത്സരങ്ങള്‍ക്കായുള്ള പുതിയ ജഴ്‌സി അവതരിപ്പിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും(ക്യുഎഫ്എ) നൈക്കും ചേര്‍ന്നാണ് ദേശീയ ടീമിന്റെ വരും മത്സരങ്ങള്‍ക്കായുള്ള ഔദ്യോഗിക കിറ്റ് പുറത്തിറക്കിയത്. ഏറ്റവും ആധുനികവും ലൗകികവുമായ രൂപം സൃഷ്ടിക്കുന്ന വിധത്തില്‍ പരമ്പരാഗത നിറങ്ങളെ ഏറ്റവും പുതിയ നൈക്ക് പുതുമകളുമായി സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ ഹോം, എവേ ശേഖരം തയാറാക്കിയിരിക്കുന്നത്. ഹോം മത്സരങ്ങള്‍ക്കായുള്ള ജഴ്‌സി മെറൂണ്‍ കളറിലാണ്. ഫുട്‌ബോള്‍ വികാരം ബാധിച്ച ഒരു ജനതക്ക് അനുയോജ്യമായ രീതിയിലാണ് ജഴ്‌സിയിലെ കളര്‍ വിന്യാസം. രാജ്യത്തിനു പുറത്തു നടക്കുന്ന(എവേ) മത്സരങ്ങളില്‍ വെള്ള നിറമുള്ള ജഴ്‌സിയായിരിക്കും ഖത്തര്‍ ടീമിന്റേത്. രണ്ടു വര്‍ഷത്തിനിടെ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥയേത്വം വഹിക്കാനിരിക്കെ കൂടിയാണ് ടീമിന്റെ പുതിയ ഔദ്യോഗിക കിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഖത്തരി ദേശീയ പതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോം മത്സരങ്ങള്‍ക്കായുള്ള മെറൂണ്‍ ജഴ്‌സി, ഷോര്‍ട്‌സ്, സോക്‌സ് എന്നിവയുടെ രൂപകല്‍പ്പന. എവേ മത്സരങ്ങളില്‍ വെള്ള ജഴ്‌സി, ഷോര്‍ട്‌സ്, സോക്‌സ് എന്നിവക്കൊപ്പം മെറൂണ്‍ കളറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തറിന്റെ ഔദ്യോഗിക കിറ്റ് നൈക്കിന്റെ വെബ്‌സൈറ്റില്‍നിന്നും മാള്‍ ഓഫ് ഖത്തര്‍, ദോഹ സിറ്റി സെന്റര്‍ എന്നിവിടങ്ങളിലെ നൈക്ക് സ്‌റ്റോറുകളില്‍നിന്നും ലഭ്യമായിരിക്കും.
പുതിയ കിറ്റ് പുതിയ വിജയങ്ങള്‍ നേടിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ ടീം മിഡ്ഫീല്‍ഡര്‍ സലേം അല്‍ഹജ്‌രി പറഞ്ഞു. പുതിയ കിറ്റില്‍ സന്തുഷ്ടരാണെന്നും ഡിസൈന്‍ ഖത്തരി പതാകക്ക് പ്രാധാന്യം നല്‍കുന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും മറ്റൊരു ദേശീയ താരം അസ്സിം മാദിബോ പറഞ്ഞു.