in

ഖത്തര്‍ ധനസഹായത്തോടെ ജപ്പാനില്‍ നിര്‍മിച്ച സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

ഖത്തര്‍ ധനസഹായത്തോടെ ജപ്പാനില്‍ പുനര്‍നിര്‍മിച്ച സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌

ദോഹ: ഖത്തറിന്റെ ധനസഹായത്തോടെ ജപ്പാനില്‍ നിര്‍മിച്ച സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. മിയാഗിയിലെ ഓനഗാവ നഗരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒനഗാവ എലിമെന്ററി ആന്റ് ജൂനിയര്‍ ഹൈസ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസ്സന്‍ ബിന്‍ മുഹമ്മദ് റാഫി അല്‍ഇമാദി പങ്കെടുത്തു. എംബസി ഉദ്യോഗസ്ഥരായ അബ്ദുല്ല ബിന്‍ ജാസിം അല്‍സിയാറ, റാഷിദ് ബിന്‍ മുബാറക്ക് അല്‍ഖാതിര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒനഗാവ മേയര്‍ യോഷിയാകി സുദ, നഗരത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ കീഴിലുള്ള ഫ്രണ്ട്ഷിപ്പ് ഫണ്ട്(ക്യുഎഫ്എഫ്) ഉപയോഗിച്ചായിരുന്നു സ്‌കൂള്‍ നിര്‍മാണം. 2011 മാര്‍ച്ചില്‍ ഭൂകമ്പവും സുനാമി ദുരന്തവും മൂലം വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ഖത്തര്‍ ധനസഹായം നല്‍കുന്ന പദ്ധതികളിലൊന്നാണിത്. ദുരിത ബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണക്കും പങ്കാളിത്തത്തിനും ജപ്പാന്‍ പ്രതിനിധികള്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ജാപ്പനീസ് ജനതയ്ക്കൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിന്റെ മുന്‍കൈ, ദുരന്തങ്ങള്‍ ബാധിച്ച പ്രദേശങ്ങളിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള മാനുഷികമായ ഇടപെടലിനെയും ഒനഗാവ മേയര്‍ പ്രശംസിച്ചു. ഒനഗാവയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ഈ സ്‌കൂളിന് വലിയ പ്രാധാന്യമുണ്ട്. ഈ മേഖലയിലെ 90 ശതമാനം സ്‌കൂളുകളും ദുരന്തങ്ങളാല്‍ നശിപ്പിക്കപ്പെട്ടിരുന്നു. അവയില്‍ പലതും പുനര്‍നിര്‍മിച്ചിട്ടില്ല. പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് ഈ സ്‌കൂള്‍ മികച്ച മാതൃകയാണെന്നും ഈ മേഖലകളില്‍ ഫലപ്രദവും ക്രിയാത്മകവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ക്രിയാത്മകമായി സംഭാവന നല്‍കുമെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
ഖത്തറും ഒനാഗാവയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ഉറപ്പിക്കുന്നതിലൂടെ ഒനഗാവ സ്‌കൂളിന് മികച്ച വരുമാനം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തറിന്റെ എംബസി സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്റ്റേഷനറി, സ്‌കൂള്‍ ഉത്പന്നങ്ങള്‍, സുവനീറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കി. ജപ്പാനിലെ ഖത്തര്‍ ഫ്രണ്ട്ഷിപ്പ് ഫണ്ട് സ്‌കൂള്‍ പദ്ധതിക്കായി 10 ദശലക്ഷം ഡോളറാണ് ലഭ്യമാക്കിയത്.
ജപ്പാനില്‍ നേരത്തെ 92വര്‍ഷം പഴക്കമുള്ള സ്‌കൂളും ഖത്തര്‍ ഫ്രണ്ട്ഷിപ്പ് ഫണ്ട് നവീകരിച്ചിരുന്നു. അധികൃതര്‍ ഉപേക്ഷിച്ച, തടികൊണ്ട് നിര്‍മിച്ച സ്‌കൂളാണ് പുനര്‍നിര്‍മിച്ചത്. ഒഗാട്ട്‌സു ഇഷിനോമാകിയിലെ കുവാഹാമ സ്‌ക്കൂളാണ് മൊറിയുമിസ് ലുസൈല്‍ എന്ന് പുനര്‍നാമകരണം ചെയ്ത് നവീകരിച്ചത്. ഖത്തറിലെ പ്രധാന നഗരങ്ങളിലൊന്നായ ലുസൈലിന്റെ പേരാണ് സ്‌കൂളിന് നല്‍കിയിരിക്കുന്നത്. 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരവും ഫൈനലും ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും ഓര്‍മകളുണര്‍ത്തി ജപ്പാനിലെ ലുസൈല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കും.
2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ എല്ലാം തകര്‍ന്നപ്പോള്‍ ദുരന്തമേഖലയില്‍ മധുരവും ഭക്ഷണവും നല്‍കാന്‍ രൂപവത്കരിച്ച സ്വീറ്റ് ട്രീറ്റ് 311നാണ് സ്‌കൂളിന്റെ പ്രവര്‍ത്തനമേല്‍നോട്ടം. നിര്‍മാണപ്രവര്‍ത്തനങ്ങളും സ്വീറ്റ്ട്രീറ്റിന്റെ നേതൃത്വത്തിലായിരുന്നു. 1923ല്‍ നിര്‍മിച്ച സ്‌കൂള്‍ നവീകരിക്കുന്നതിനായി 500 ദശലക്ഷം യെന്‍ ജപ്പാന്‍ കറന്‍സി ഖത്തര്‍ ഫ്രണ്ട്ഷിപ്പ് ഫണ്ട് മുഖേന നല്‍കിയിരുന്നു. കെട്ടിടത്തിന് പുറത്തുള്ള അറ്റകുറ്റപ്പണിക്ക് പുറമെ ക്ലാസ് മുറികള്‍, അധ്യാപകര്‍ക്കുള്ള മുറികള്‍, ജീവനക്കാര്‍ക്കുള്ള മുറി എന്നിവ നവീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

465 സ്‌കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷാ പദ്ധതി നടപ്പാക്കി

ഖത്തര്‍- ശ്രീലങ്ക സഹകരണം: ദോഹ ബാങ്ക് വെബിനാര്‍ സംഘടിപ്പിച്ചു