
ദോഹ: ഖത്തര്‍ ഗ്യാസ് ഓപ്പറേറ്റിങ് കമ്പനി ലിമിറ്റഡ്(ഖത്തര്‍ ഗ്യാസ്) ഇറ്റലിയിലേക്ക് ക്യു-ഫ്‌ളെക്‌സ് വിഭാഗത്തിലുള്ള കപ്പലില്‍ എല്‍എന്‍ജി കാര്‍ഗോ വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചു. ഇറ്റലിയിലെ അഡ്രിയാറ്റിക് എല്‍എന്‍ജി ടെര്‍മിനലിലേക്കാണ് കാര്‍ഗോ എത്തിച്ചത്. റാസ്‌ലഫാന്‍ ടെര്‍മിനലില്‍ നിന്നും ജൂണ്‍ ഒന്‍പതിനാണ് എല്‍എന്‍ജി കാര്‍ഗോയുമായി ക്യു-ഫ്‌ളെക്‌സ് തെംബെക് കപ്പല്‍ പുറപ്പെട്ടത്. ജൂണ്‍ 21ന് ഇറ്റാലിയന്‍ ടെര്‍മിനലില്‍ കാര്‍ഗോ ലോഡിറക്കി. ഖത്തര്‍ ഗ്യാസ് ഇതാദ്യമായാണ് ക്യു-ഫ്‌ളെക്‌സ് എല്‍എന്‍ജി കപ്പലില്‍ ഈ ടെര്‍മിനലില്‍ ചരക്കിറക്കിയത്.
ഇറ്റലിയിലെ റോവിഗോയ്ക്ക് സമീപം വടക്കന്‍ അഡ്രിയാറ്റിക്കിലുള്ള പോര്‍ട്ടോ ലെവന്റെയില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയാണ് അഡ്രിയാറ്റിക് എല്‍എന്‍ജി ടെര്‍മിനല്‍. ലോകത്തിലെ ആദ്യത്തെ ഓഫ്ഷോര്‍ ഗ്രാവിറ്റി അടിസ്ഥാനമാക്കിയുള്ള എല്‍എന്‍ജി റിഗാസിഫിക്കേഷന്‍ ടെര്‍മിനലാണിത്. 70 ശതമാനം ഓഹരിപങ്കാളിത്തത്തില്‍ എക്‌സോണ്‍ മൊബീലിന്റെ നേതൃത്വത്തിലാണ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ പെട്രോളിയത്തിന്റെ ഉപകമ്പനിയാ ഖത്തര്‍ ടെര്‍മിനല്‍ ലിമിറ്റഡിന് 23 ശതമാനവും സനമിന് ഏഴു ശതമാനവും ഓഹരിപങ്കാളിത്തം ടെര്‍മിനലിലുണ്ട്. സംയോജിത പൈപ്പ്‌ലൈനുകള്‍ വഴി ടെര്‍മിനലിനെ ഇറ്റാലിയന്‍ ദേശീയ വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ടെര്‍മിനലിന് പ്രതിവര്‍ഷം 8 ബില്ല്യണ്‍ ക്യുബിക് മീറ്റര്‍ എല്‍എന്‍ജിയുടെ റിഗാസിഫിക്കേഷന്‍ ശേഷിയുണ്ട്.
ഈ ടെര്‍മിലലിലൂടെ നിലവില്‍ രാജ്യത്തിന്റെ പ്രകൃതിവാതകത്തിന്റെ 10%ലധികം വിതരണം ചെയ്യുന്നു. വിശ്വസനീയ എല്‍എന്‍ജിയുടെ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ ഗ്യാസ് വ്യക്തമാക്കി.