
ദോഹ: ഖത്തര്‍ ഗ്യാസ് ഓപ്പറേറ്റിങ് കമ്പനി ലിമിറ്റഡ്(ഖത്തര്‍ ഗ്യാസ്) ചൈനയിലേക്ക് ക്യു-ഫ്‌ളെക്‌സ് വിഭാഗത്തിലുള്ള കപ്പലില്‍ എല്‍എന്‍ജി കാര്‍ഗോ വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചു. ചൈനയുടെ ഇഎന്‍എന്‍ സുഷാന്‍ എല്‍എന്‍ജി ടെര്‍മിനലിലേക്കാണ് കാര്‍ഗോ എത്തിച്ചത്. റാസ്‌ലഫാന്‍ ടെര്‍മിനലില്‍ നിന്നും മാര്‍ച്ച് പതിനാറിനാണ് എല്‍എന്‍ജി കാര്‍ഗോയുമായി ക്യു-ഫ്‌ളെക്‌സ് അല്‍ഗരാഫ കപ്പല്‍ പുറപ്പെട്ടത്. ഏപ്രില്‍ ഒന്നിന് സുഷാന്‍ സാമ്പത്തിക വികസന മേഖലയിലെ ന്യൂ പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ടെര്‍മിനലില്‍ കാര്‍ഗോ ലോഡിറക്കി.
ഖത്തര്‍ ഗ്യാസ് ഇതാദ്യമായാണ് ക്യു-ഫ്‌ളെക്‌സ് എല്‍എന്‍ജി കപ്പലില്‍ സുഷാന്‍ ടെര്‍മിനലില്‍ ചരക്കിറക്കിയത്. ടെര്‍മിനലില്‍ രണ്ടു തീര ടാങ്കുകളാണുള്ളത്. ഓരോന്നിനും 1,60,000 ക്യുബിക് മീറ്റര്‍ ശേഷിയുണ്ട്. പ്രതിവര്‍ഷം മൂന്നു മില്യണ്‍ ടണ്‍ ശേഷിയുള്ള എല്‍എന്‍ജി ബെര്‍ത്തും ടെര്‍മിനലിലുണ്ട്. ചൈനയിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ വിതരണക്കാരില്‍ മുന്‍നിരയിലാണ് ഇഎന്‍എന്‍ ഗ്രൂപ്പിന്റെ സ്ഥാനം.
പൈപ്പ്ഡ് വാതകം, എല്‍എന്‍ജി എന്നിവയുടെ വില്‍പ്പനയും വിതരണവുമാണ് ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തനമേഖല. വിശ്വസനീയ എല്‍എന്‍ജിയുടെ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ ഗ്യാസ് വ്യക്തമാക്കി.