
ദോഹ: ഭാവിയിലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് സന്നദ്ധത വ്യക്തമാക്കി ഖത്തര്‍. ലോകോത്തര ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയെന്നത് ഖത്തറിന്റെ കാഴ്ചപ്പാടും ലക്ഷ്യമാണെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) വ്യക്തമാക്കി. ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന്റെ ഭാവി പതിപ്പുകളില്‍ പ്രത്യേകിച്ച് 2032ലെ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു ആതിഥേയത്വം വഹിക്കാന്‍ ക്യുഒസി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) അപേക്ഷസമര്‍പ്പിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസന്നെയിലെ ഐഒസിയുടെ ആസ്ഥാനത്തേക്ക് ഔദ്യോഗിക കത്ത് മുഖേനയാണ് ഖത്തര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍പൊരിക്കലും മിഡില്‍ ഈസ്റ്റില്‍ ഒളിമ്പിക് ഗെയിംസ് നടന്നിട്ടില്ല. നമ്മുടെ മേഖലയിലെ ജനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ളവര്‍ക്ക് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഒളിമ്പിക് വളയങ്ങള്‍- ഖത്തറിന്റെ താല്‍പര്യത്തെക്കുറിച്ച് പരാമര്‍ശിക്കവെ ക്യുഒസി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി ചൂണ്ടിക്കാട്ടി.
ഐഒസിയുടെ ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷനുമായുള്ള അര്‍ഥവത്തായ ചര്‍ച്ചകള്‍ക്കുള്ള ആരംഭം കുറിക്കുന്നതാണ് ഖത്തറിന്റെ ഈ പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെ താല്‍പ്പര്യം കൂടുതല്‍ പര്യവേക്ഷണം ചെയ്യാനും രാജ്യത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യങ്ങളെ ഒളിമ്പിക് ഗെയിംസിന് എങ്ങനെ സഹായിക്കാനാകുമെന്ന് തിരിച്ചറിയാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷങ്ങളായി രാജ്യത്തിന്റെ വികസനത്തിന് കായികരംഗം നല്‍കുന്ന സംഭാവന നിസ്തുലമാണ്. അത്ലറ്റിക്‌സ്, സൈക്ലിംഗ്, ജിംനാസ്റ്റിക്‌സ്, ഫുട്‌ബോള്‍, ടെന്നീസ്, വോളിബോള്‍ തുടങ്ങി ഒട്ടുമിക്ക കായികയിനങ്ങളിമുള്ള ചാമ്പ്യന്‍ഷിപ്പുകളുടെ ലോകോത്തര ലക്ഷ്യസ്ഥാനമെന്ന ഖ്യാതി ഖത്തര്‍ നേടിയിട്ടുണ്ട്. ഈ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡും അനുഭവ സമ്പത്തും സമാധാനവും സാംസ്‌കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് കായികം ഉപയോഗിക്കാനുള്ള ഖത്തറിന്റെ താല്‍പര്യവും കമ്മീഷനുമായുള്ള ചര്‍ച്ചകളില്‍ ഗുണകരമായിരിക്കും. 2022ലെ ഫിഫ ലോകകപ്പ്, 2023ലെ ഫിന നീന്തല്‍ എന്നിവയ്ക്കായി ഖത്തര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ ഒളിമ്പിക്‌സിന് ഉപയോഗപ്പെടുത്താം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോക ഹാന്‍ഡ്‌ബോള്‍, പാരാലിമ്പിക് ലോക അത്‌ലറ്റിക്, ലോക ബോക്‌സിങ്, ലോക ബീച്ച് ഗെയിംസ്, ഏഷ്യന്‍ അത്‌ലറ്റിക്‌സ്, ലോക അത്‌ലറ്റിക്‌സ്, ഫിഫ ക്ലബ്ബ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പുകള്‍ വിജയകരമായി സംഘടിപ്പിക്കാനായി. 2022നുള്ളില്‍ ഖത്തറിലെ കായികസൗകര്യങ്ങള്‍ മിക്കതും പൂര്‍ത്തിയാകും. ലോജിസ്റ്റിക് സൗകര്യങ്ങളും പൂര്‍ത്തിയാകും.