
ദോഹ: ഖത്തര്‍ രണ്ടു വ്യക്തികളെയും നാലു സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. സിറിയയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും ഇസ്‌ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്ക് ഫണ്ട് കൈമാറാന്‍ സഹായിച്ചതിനാണ് നടപടി. അബ്ദുള്‍ റഹ്മാന്‍ അലി ഹസ്സന്‍ അല്‍ അഹ്മദ് അല്‍ റാവി, സയ്യിദ് ഹബീബ് അഹമ്മദ് ഖാന്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികള്‍.
അല്‍ഹറം എക്സ്ചേഞ്ച് കമ്പനി, അല്‍ഖാലിദി എക്സ്ചേഞ്ച് കമ്പനി, തവാസുല്‍ കമ്പനി, നജാത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയാണ് നാല് സ്ഥാപനങ്ങള്‍. ടെററിസം ഫിനാന്‍സിങ് ടാര്‍ഗറ്റിങ് സെന്റര്‍(ടിഎഫ്ടിസി) പട്ടികയിലാണ് ഈ രണ്ടു വ്യക്തികളെയും നാലു സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിയാദ് ആസ്ഥാനമായുള്ള ടിഎഫ്ടിസിയിലെ അംഗരാജ്യങ്ങളിലൊന്നാണ് ഖത്തര്‍.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റു അംഗരാജ്യങ്ങളും അമേരിക്കയും ഉള്‍പ്പെട്ടതാണ് കേന്ദ്രം. സിറിയയിലെ ഐസിസ് പോരാളികളെ സഹായിക്കുന്നതിനായി ഫണ്ട് കൈമാറുന്നതില്‍ ഈ കമ്പനികളും അവയുടെ ഓപ്പറേറ്റര്‍മാരും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐസിസ് നേതാക്കള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ നല്‍കിയതായും കണ്ടെത്തി. റിയാദിലെ ടിഎഫ്ടിസിയില്‍നിന്ന് ഏകീകൃത രൂപത്തിലാണ് പ്രസ്താവന. ഇത്തരത്തില്‍ അഞ്ചാമത്തെ പട്ടികയാണ് പുറത്തിറക്കിയത്. കേന്ദ്രത്തിലെ അംഗരാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളുടെയും വ്യക്തികളുടെയും എണ്ണം 60ലധികമായിട്ടുണ്ട്. അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ലോകമെമ്പാടുമുള്ള തീവ്രവാദ ധനസഹായ കേന്ദ്രങ്ങളെ പ്രതിരോധിക്കുന്നതിനും നേരിടുന്നതിനുമുള്ള ശ്രമങ്ങളാണ് കേന്ദ്രം തുടരുന്നത്.