in

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ നിര്‍ണായക നടപടികളെടുത്തു: ഇന്ത്യന്‍ അംബാസഡര്‍

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ നിര്‍ണായക നടപടികളെടുത്തതായി ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതില്‍ ഇതുവരെ ന്യായമായ വിജയം കൈവരിക്കാന്‍ ഖത്തറിനായിട്ടുണ്ട്.
പൊതുഒത്തുചേരലുകള്‍ കുറക്കല്‍, അനിവാര്യമല്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍, ഖത്തറിലേക്ക് വിദേശികളെ പ്രവേശിക്കുന്നത് നിരോധിക്കല്‍, നിരവധി തൊഴിലാളികള്‍ താമസിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയ താല്‍ക്കാലികമായി അടക്കല്‍ എന്നിവ ഉള്‍പ്പെടെ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നിര്‍ണായക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി. സമഗ്രമായ ലോക്ക്ഡൗണിന്റെ കുറവു മാത്രമാണുള്ളത്. ശുചിത്വ മുന്‍കരുതലുകള്‍ നിരീക്ഷിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ച് പൗരന്‍മാരിലും പ്രവാസികളിലും അവബോധം വര്‍ധിപ്പിക്കുന്നതിനായി വിപുലമായ പരിപാടി ആരംഭിച്ചിട്ടുണ്ട്.
ഫീല്‍ഡ് ആസ്പത്രികള്‍, ഐസൊലേഷന്‍- ക്വാറന്റൈന്‍ സൗകര്യങ്ങള്‍, കോവിഡ് ഹെല്‍പ്പ്‌ലൈനുകള്‍ തുടങ്ങി നിരവധി പുതിയ സൗകര്യങ്ങള്‍ ഏതാനും ആഴ്ചകളില്‍ രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. പരിശോധനാ സൗകര്യങ്ങള്‍ വിപുലീകരിച്ചു. പൊതുജനങ്ങള്‍ക്കായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും മെഡിക്കല്‍, പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പാക്കി. രോഗികള്‍ക്കായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മരുന്നുകളുടെ ഹോം ഡെലിവറി സേവനവും സജ്ജമാക്കി. നിലവില്‍ സാധുവായ വര്‍ക്ക് പെര്‍മിറ്റോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ലാത്തവര്‍ ഉള്‍പ്പെടെ ഖത്തറില്‍ താമസിക്കുന്ന എല്ലാവര്‍ക്കും കോവിഡ്-19 ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രശംസനീയമാണ്. വൈറസ് പടരുന്നത് തടയുന്നതിനുള്ള നടപടികള്‍ക്കൊപ്പം ഈ നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുന്ന അനിവാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. തടസ്സമില്ലാതെ ഭക്ഷണത്തിന്റെയും അവശ്യ സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കി. നിയന്ത്രണങ്ങള്‍ ബാധിച്ച വ്യവസായങ്ങളെ സഹായിക്കുന്നതിന് 75 ബില്യണ്‍ റിയാലിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രത്യേകിച്ചും ജീവനക്കാര്‍ക്ക് വേതനം നല്‍കാനുള്ള അവരുടെ ബാധ്യതകള്‍ നിറവേറ്റുന്നതിനും അവരുടെ പ്രവര്‍ത്തന മൂലധനത്തിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വാടക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമെല്ലാം ഇത് സഹായകമാണ്. ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ഭക്ഷണ പാക്കറ്റുകള്‍ നല്‍കാന്‍ സഹായിക്കുന്നതില്‍ ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും വഹിച്ച പ്രധാന പങ്ക് സുപ്രധാനമാണ്. പല രാജ്യങ്ങളിലും യാത്രാ നിയന്ത്രണങ്ങള്‍ കാരണം നിരവധി വിദേശികള്‍ക്ക് ഖത്തറില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുന്നില്ല എന്ന വസ്തുത തിരിച്ചറിഞ്ഞ സര്‍ക്കാര്‍ അത്തരം വ്യക്തികള്‍ക്ക് വിസ വിപുലീകരണം അനുവദിക്കുന്നതിലും ഉദാരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിസന്ധി നേരിടാന്‍ ഏകോപിപ്പിച്ച സമീപനത്തിനുവേണ്ടി വാദിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പടെ എല്ലാ പ്രധാന ഗള്‍ഫ് നേതാക്കളുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഇന്ത്യയ്ക്കുള്ളില്‍ മെഡിക്കല്‍ ഉത്പന്നങ്ങളുടെ ആവശ്യകത വളരെ കൂടുതലാണെങ്കിലും, ഇന്ത്യന്‍ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന അവശ്യ മരുന്നുകളും വാക്‌സിനുകളും ലഭ്യമാക്കുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സജ്ജം

ദോഹ: ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും കൗണ്‍സിലിങും നല്‍കുന്നതിന് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബ്, ഇന്ത്യന്‍ പാരാമെഡിക്കല്‍സ് അസോസിയേഷന്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍.
ഇന്ത്യന്‍ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിന് ഖത്തര്‍ സര്‍ക്കാരിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവരുടെ സഹകരണത്തിന് നന്ദി പറയുന്നതായും അംബാസഡര്‍ പി.കുമരന്‍ പറഞ്ഞു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലയില്‍, കോവിഡിന്റെ വ്യാപനം നിയന്ത്രണ വിധേയമാക്കി ക്രമേണ മിനിമം നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ പൗരന്‍മാരെ സഹായിക്കുന്നതിനായി ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംബസി കോവിഡ് -19 ഹെല്‍പ്പ് ലൈനും കോണ്‍സുലാര്‍ ഹെല്‍പ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ ഒത്തുചേര്‍ന്ന് ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട ടീമുകള്‍ രൂപീകരിച്ച് എംബസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
കമ്മ്യൂണിറ്റിയിലെ ആവശ്യമുള്ള അംഗങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നു. പ്രതിസന്ധി നേരിടാനുള്ള ശ്രമങ്ങളില്‍ ഖത്തറിലെ എല്ലാ സഹ ഇന്ത്യക്കാരും ക്ഷമ പുലര്‍ത്തുകയും സര്‍ക്കാര്‍ അതോറിറ്റികള്‍ക്ക് പൂര്‍ണ സഹകരണം നല്‍കുകയും വേണം. വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ നിരീക്ഷിക്കുന്നതില്‍ കൂടുതല്‍ അച്ചടക്കമുള്ളവരായിരിക്കണമെന്നും അംബാസഡര്‍ ഓര്‍മിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് മാറിയ യുവാക്കളുടെ അനുഭവം ചോദിച്ചറിഞ്ഞ് ആരോഗ്യമന്ത്രി; ബ്ലഡ് പ്ലാസ്മാ ചികിത്സ വിജയകരം

കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു