
ദോഹ: കൊറോണ വൈറസ്(കോവിഡ്-19)വ്യാപനം തടയുന്നതിന് ഖത്തര്‍ സമയബന്ധിതമായ നടപടികള്‍ സ്വീകരിച്ചതായി അക്കാദമിക് വിദഗ്ദ്ധര്‍.
സമൂഹത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുമായി മേഖലയിലെ പല രാജ്യങ്ങളും നടപടികള്‍ കൈക്കൊള്ളുന്നതിനുമുന്‍പുതന്നെ ഖത്തര്‍ നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കിയതായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
ദുരന്തനിവാരണത്തിനായുള്ള സുപ്രീം കമ്മിറ്റി നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും സമയബന്ധിതമായി പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുകയും അതിനനുസൃതമായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പ്രതിസന്ധിയുടെ തുടക്കം മുതല്‍തന്നെ അനിവാര്യമായ നിരവധി തീരുമാനങ്ങളാണ് എടുത്തത്. പകര്‍ച്ചവ്യാധിയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാന്‍ ഉചിതമായ സമയത്തുള്ള അനിവാര്യമായ നടപടികളായിരുന്നു അവയെന്നും ഖത്തര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയുമായ ഡോ. കമല്‍ ഹാമിദോ പറഞ്ഞു. ദി പെനിന്‍സുലയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറില്‍ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ പ്രതിരോധനടപടികളെടുത്തു. യൂറോപ്പ് അമേരിക്കന്‍ രാജ്യങ്ങള്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നതിനുമുമ്പാണിത്. ഇത്തരം നടപടികളില്ലായിരുന്നുവെങ്കില്‍ നൂറുകണക്കിന് പകരം കേസുകള്‍ ആയിരക്കണക്കിനായി മാറുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സമൂഹത്തിന്റെ സുരക്ഷക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അണുബാധ കേസുകള്‍ മിനിമം തലത്തില്‍ നിലനിര്‍ത്താനാണ് പദ്ധതി. അതുകൊണ്ടാണ് ജോലി സ്ഥലങ്ങളിലെ ജീവനക്കാരുടെ എണ്ണം 80 ശതമാനം കുറക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യമായതൊഴികെയുള്ള ഷോപ്പുകളും അടക്കല്‍, പൊതുസ്്ഥലങ്ങളിലെ ഒത്തുചേരലിന് വിലക്ക് ഉള്‍പ്പടെയുളള നടപടികളെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഗള്‍ഫ് പ്രതിസന്ധിയില്‍ നിന്ന് ഖത്തര്‍ വളരെയധികം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഇത്തരം അടിയന്തര കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാരിന് അറിയാം. അതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കി.
ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് യാതൊരു കുറവുമില്ല. പല പ്രാദേശിക കമ്പനികളും ഉടനടി മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, അണുനാശിനികള്‍ എന്നിവ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ചും സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ചും ചോദ്യത്തിന് നിയമങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ എപ്പോഴും വളരെ കുറവാണെന്നായിരുന്നു മറുപടി.
ധാരണക്കുറവാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കാന്‍ കാരണം. ജനങ്ങള്‍ മറ്റുള്ളവരുടെ സുരക്ഷ്‌ക്കായി ശ്രദ്ധിക്കണം. വൈറസിന്റെ പാലങ്ങളായി മാറരുതെന്നും മറ്റുള്ളവര്‍ക്ക് മരണമുണ്ടാക്കരുതെന്നും എല്ലാ പൗരന്മാരോടും പ്രവാസികളോടും അഭ്യര്‍ഥിക്കുന്നു. ഇത് സര്‍ക്കാരിന്റെ മാത്രമല്ല, എല്ലാവരുടെയും പൊതുഉത്തരവാദിത്വമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥിതി അസാധാരണമാണെങ്കിലും പ്രതിസന്ധിയെ ഖത്തര്‍ വിജയകരമായി നേരിട്ടു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി, വിദൂര പഠനം പോലുള്ള ബദലുകളും നല്‍കിയിട്ടുണ്ട്. ഖത്തര്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ കോഴ്സുകള്‍ തുടരുകയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം തടയാന്‍ ഖത്തര്‍ ഏകോപനത്തോടെയാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി പ്രൊഫ.ഡോ.അബ്ദുല്‍റഹ്മാന്‍ അല്‍ഷാമി പറഞ്ഞു.
പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കും വ്യത്യാസമില്ലാതെയാണ് ഖത്തര്‍ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. സ്വകാര്യ ആസ്പത്രികളിലെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് പൊതു ആസ്പത്രികളില്‍ തുല്യ സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.